തിരുവല്ലയ്ക്ക് റെയിൽവേ പ്രത്യേക പരിഗണന നൽകി

പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ എന്ന നിലയിൽ തിരുവല്ലയ്ക്ക് പ്രത്യേക പരിഗണന നൽകി വികസിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള സമഗ്ര വികസന പദ്ധതി റിപ്പോർട്ട് ബഹു: കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന് ഡൽഹിയിൽ കൈമാറി. ശബരിമല സ്ഥിതി ചെയ്യുന്ന ജില്ലയുടെ ഏക റെയിൽവേ സ്റ്റേഷൻ എന്ന നിലയിൽ തിരുവല്ലയിൽ തീർത്ഥാടകർക്കാവശ്യമായ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി വിപുലമായി വികസിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. ശബരിമലയോടൊപ്പം ചക്കുളത്തുകാവ്, ദക്ഷിണ തിരുപ്പതി ശ്രീവല്ലഭ ക്ഷേത്രം, പരുമല പള്ളി, മാരാമൺ കൺവെൻഷൻ, നിരണം പള്ളി, മലയാലപ്പുഴ ക്ഷേത്രം, എടത്വ പള്ളി എന്നിവ ഉൾപ്പെടെയുള്ള നിരവധി തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള വിശ്വാസികളുടെ വലിയ വരവ് കണക്കിലെടുത്ത് വികസന പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണമെന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു. അതോടൊപ്പം, ആരോഗ്യ–വിദ്യാഭ്യാസ നഗരിയായി നില കൊള്ളുന്ന തിരുവല്ലയുടെ വികസനത്തിൽ തിരുവല്ല റെയിൽവേ സ്റ്റേഷനുള്ള പ്രാധാന്യവും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. റെയിൽവേയുടെ ഉടമസ്ഥതയിൽ തിരുവല്ലയിൽ നിലവിലുള്ള വലിയ സ്ഥലവിസ്തീർണം ഈ വികസന പ്രവർത്തനങ്ങൾക്കായി ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിയുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പ്രത്യേകിച്ച്, റെയിൽവേ സ്റ്റേഷന്റെ പുറകുവശത്തുള്ള സ്ഥലങ്ങൾ നിലവിൽ കൃത്യമായി ഉപയോഗിക്കപ്പെടാതെ കിടക്കുന്നതായും മന്ത്രിയെ അറിയിച്ചു. വന്ദേ ഭാരത് ട്രെയിൻ സർവീസുകൾക്ക് തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും, അമൃത എക്സ്പ്രസിനും തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിക്കണമെന്നും പ്രത്യേകമായി അഭ്യർത്ഥിച്ചു. ഈ വിഷയങ്ങളിൽ റെയിൽവേ മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ മന്ത്രി ഉറപ്പ് നൽകി…*റിപ്പോർട്ട് *അനീഷ് ചുനക്കര


