March 26, 2026

അതിതീവ്ര ന്യൂനമർദ്ദം ഇന്ന് കരയിൽ 

  • January 15, 2026
  • 1 min read

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് കരയിൽ പ്രവേശിക്കും. രാത്രിയോടെ ശ്രീലങ്ക തീരം ഹബൻടോട്ടയ്ക്കും, കാൽമുനായിക്കും ഇടയിൽ കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. ഈ സാഹചര്യത്തിൽ കേരളത്തിൽ ജനുവരി 12 വരെ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും പ്രവചനമുണ്ട്. ഇത് പ്രകാരം നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതിതീവ്ര ന്യൂനമർദ്ദം സംബന്ധിച്ച അറിയിപ്പ്

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെയും കിഴക്കൻ ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം (Depression) അതി തീവ്ര ന്യൂനമർദ്ദമായി (Deep Depression) ശക്തി പ്രാപിച്ചു. അടുത്ത മണിക്കൂറുകളിൽ ഇത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലൂടെ പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ജനുവരി 9 ന് (ഇന്ന്) വൈകുന്നേരം / രാത്രിയോടെ ശ്രീലങ്ക തീരം ഹബൻടോട്ട (Hambantota) യ്ക്കും, കാൽമുനായിക്കും (Kalmunani) ഇടയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ കേരളത്തിന് സമീപം തെക്ക് കിഴക്കൻ അറബിക്കടലിനു മുകളിൽ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. കേരളത്തിൽ ജനുവരി 12 വരെയുള്ള തീയതികളിൽ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ജനുവരി 10 ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

യെല്ലോ അലർട്ട്

10 / 01 / 2026: പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *