March 26, 2026

ഓവർഹെഡ് വാട്ടർ ടാങ്കിന്റെ നിർമ്മാണം പാതിവഴിയിൽ നിലച്ചു

  • March 26, 2026
  • 1 min read

പാമ്പാടി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ജൽ ജീവൻ മിഷന്റെ ഭാഗമായി പാമ്പാടിയിൽ ആരംഭിച്ച കൂറ്റൻ ഓവർഹെഡ് വാട്ടർ ടാങ്കിന്റെ നിർമ്മാണം പാതിവഴിയിൽ നിലച്ചു. അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ പൊത്തൻപുറം മാർ കുര്യാക്കോസ് ദയറയുടെ പ്രധാന കവാടത്തിന് സമീപം നിർമ്മിക്കുന്ന ടാങ്കിന്റെ പണികളാണ് മാസങ്ങളായി മുടങ്ങിക്കിടക്കുന്നത്.കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി കോടികൾ വകയിരുത്തി ആരംഭിച്ച പദ്ധതിയാണിത്. എന്നാൽ നിർമ്മാണം പകുതിയിലധികം പൂർത്തിയായ ശേഷം കരാറുകാരനോ അധികൃതരോ ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ദയറയിലേക്ക് എത്തുന്ന ആയിരക്കണക്കിന് തീർത്ഥാടകരും പ്രദേശവാസികളും ദിവസവും കടന്നുപോകുന്ന പ്രധാന പാതയ്ക്ക് അരികിലായാണ് ഈ നിർമ്മാണം പാതിവഴിയിൽ നിൽക്കുന്നത്. നിർമ്മാണം നിലച്ചതോടെ പണിസ്ഥലം കാടുപിടിച്ചും സാമൂഹിക വിരുദ്ധരുടെ താവളമായും മാറാൻ അധികകാലം വേണ്ട.
ഈ വിഷയത്തിൽ പലതവണ പരാതികൾ നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് വാട്ടർ അതോറിറ്റിയും ബന്ധപ്പെട്ട വകുപ്പുകളും അടിയന്തരമായി ഇടപെട്ട് മുടങ്ങിക്കിടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്നും, നിശ്ചിത സമയത്തിനുള്ളിൽ ടാങ്കിന്റെ പണി പൂർത്തിയാക്കി കുടിവെള്ള വിതരണം സുഗമമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *