മാവേലിക്കരയിൽ കടകൾ കുത്തിത്തുറന്ന് മോഷണം: പിടിയിലായത് പ്രായപൂർത്തിയാകാത്ത കുട്ടികൾ
മാവേലിക്കര: നഗരമധ്യത്തിലെ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടത്തിയ മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളെ മാവേലിക്കര പോലീസ് പിടികൂടി. മാവേലിക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ കടകളിലും അമേരിക്കൻ ജംഗ്ഷനിലെ മെൻസ് വെയർ ഷോപ്പിലും അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിലാണ് ഇവർ പിടിയിലായത്. പ്രതികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ പേരും മറ്റ് വിവരങ്ങളും പോലീസ് വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ ആറാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമേരിക്കൻ ജംഗ്ഷനിലെ മെൻസ് വെയർ ഷോപ്പിന്റെ ഷട്ടറും ഗ്ലാസ് ഡോറും തകർത്ത് അകത്തുകയറിയ സംഘം പണവും തുണിത്തരങ്ങളും കവരുകയായിരുന്നു. തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രൻ നായർ ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
കടയിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ മുഖം മറച്ച നിലയിൽ പ്രതികളെ കണ്ടിരുന്നെങ്കിലും തിരിച്ചറിയാൻ പ്രയാസമായിരുന്നു. എന്നാൽ ഇവർ സഞ്ചരിച്ച ഇരുചക്ര വാഹനത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം നിർണ്ണായകമായി. ഈ സ്കൂട്ടർ കഴിഞ്ഞ അഞ്ചാം തീയതി തിരുവല്ല കുറ്റൂർ ജംഗ്ഷന് സമീപത്തുനിന്ന് മോഷണം പോയതാണെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതും പിടികൂടിയതും.
ചെറുകിട മോഷണങ്ങളും ബൈക്ക് മോഷണവും തങ്ങൾ മുൻപും ചെയ്തിരുന്നതായി പിടിയിലായവർ പോലീസിനോട് സമ്മതിച്ചു.
മാവേലിക്കര പോലീസ് ഇൻസ്‌പെക്ടർ സി. ശ്രീജിത്ത്, എസ്.ഐ മധുസൂദനൻ ജി, എ.എസ്.ഐ പ്രസന്നകുമാരി എം, സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, രതീഷ്, അരുൺ ഭാസ്കർ, ബോധിൻകൃഷ്ണ, ജിഷ്ണു ആർ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പിടികൂടിയ മൂന്നുപേരെയും ജുവനൈൽ ഹോമിലേക്ക് മാറ്റി.
