March 14, 2026

ലഹരിക്കടത്തിന്റെ അടിവേരു തേടി പോലീസ് :നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍

  • January 9, 2026
  • 1 min read
ലഹരിക്കടത്തിന്റെ അടിവേരു തേടി പോലീസ് :നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍

ആലപ്പുഴ ജില്ലയിൽ ലഹരി മാഫിയക്കെതിരേ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രൻ ഐ.പി.എസിന്റെ നേതൃത്വത്തിൽ 2025 വര്‍ഷത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരികയാണ്. കേരളാ പോലീസ് നടത്തി വരുന്ന ഓപ്പറേഷന്‍ ഡി -ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ജില്ലയില്‍ ഉടനീളം നിരവധി ലഹരിക്കടത്തുകാരെ വലയിലാക്കി. ഇതിന്റെ ഭാഗമായി ചെങ്ങന്നൂർ ഡി.വൈ.എസ്.പി – എം. കെ ബിനു കുമാറിന്റെ മേൽനോട്ടത്തില്‍ നൂറനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വന്‍തോതില്‍ ലഹരി വേട്ട നടത്തുകയുണ്ടായി. ലഹരിക്കടത്തുകാര്‍ക്കെതിരേ കരുതല്‍ തടങ്കല്‍ നടപടികളും സ്വത്തു കണ്ടുകെട്ടല്‍ നടപടികളുമടക്കം സ്വീകരിച്ച് ലഹരിമാഫിയയെ ശക്തമായി നിയന്ത്രിച്ചു. നൂറനാട് വില്ലേജില്‍ പുതുപ്പളളിക്കുന്നം, ഖാന്‍ മന്‍സില്‍ വീട്ടില്‍ ഷൈജു ഖാന്‍ എന്നു വിളിക്കുന്ന ഖാന്‍.പി.കെ (41) എന്നയാളിന്റെ പേരിലുളള 17.5 സെന്റ് വസ്തുവും വീടും SAFEM Act (Smugglers and Foreign Exchange Manipulators (Forfeiture of Property) Act 1976) പ്രകാരം കണ്ടു കെട്ടി ഉത്തരവായിരുന്നു. കൂടാതെ ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെ സഹായത്തോടെ 2025 എപ്രില്‍ 5-ാം തീയതി രാത്രി ബാംഗ്ലൂരില്‍ നിന്നും കടത്തിക്കൊണ്ടു വന്ന 10 ഗ്രാം MDMAയുമായി ശ്യാം.ബി എന്ന ചെറുപ്പക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി എം. കെ ബിനുകുമാര്‍ അന്വേഷണം നടത്തിയ ഈ കേസില്‍ രാസലഹരി ഇടപാടിന് പണം കൈമാറിയ അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെട്ടത്. സിംബാബ്വെ സ്വദേശിയും പഞ്ചാബിലെ സ്വകാര്യ യൂണിവേഴ്സിറ്റിയില്‍ എഞ്ചിനീയറിംഗ് പഠനത്തിനു വന്നിരുന്നതുമായ തെന്‍ഡെ തെല്‍മ സത്തംബര എന്ന യുവതിയുടെ പഞ്ചാബിലെ ഫഗ്വാരയുളള ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു ഈ കേസില്‍ രാസലഹരിയുടെ പണം കൈമാറ്റം ചെയ്യപ്പെട്ടിരുന്നത്. ഈ യുവതി 2023 ല്‍ പഠനം പൂര്‍ത്തിയാക്കി രാജ്യം വിട്ടതായും ബാംഗ്ലൂര്‍ നഗരത്തിലെ സ്വകാര്യ ഫാര്‍മസി കോളേജില്‍ പഠനത്തിനു വന്ന നൈജീരിയന്‍ സ്വദേശി എസെ എബുബെച്ക്വു ഫേവര്‍ എന്നയാളാണ് ഈ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്നത് എന്നും അന്വേഷണത്തില്‍ വെളിപ്പെട്ടു. എന്നാല്‍ 2024 ല്‍ ഇയാളും രാജ്യം വിട്ടു പോയിരുന്നു. ഈ അക്കൗണ്ടിലേക്കു വരുന്ന പണവും രാസലഹരി ഇടപാടു സംബന്ധിച്ച ആശയവിനിമയവും ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നൈജീരിയയില്‍ നിന്നാണ് നടത്തുന്നതെങ്കിലും ഇടപാടുകാര്‍ക്ക് രാസലഹരി ബാംഗ്ലൂരില്‍ വച്ചും മറ്റു നഗരങ്ങളില്‍ വച്ചും കൈമാറ്റം ചെയ്യപ്പെടുന്ന ശൃംഖലയെപ്പറ്റി അന്വേഷിച്ചു കണ്ടു പിടിച്ച് വേരറുക്കുന്നതിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രന്‍ ഐ.പി.എസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ നൈജീരിയന്‍ കേന്ദ്രത്തില്‍ നിന്നും നിയന്ത്രിക്കുന്ന അക്കൗണ്ടിലേക്ക് വരുന്ന ലഹരി ഇടപാടിനുളള പണം മറ്റു ചില അക്കൗണ്ടുകളിലേക്ക് അപ്പാടെ ട്രാന്‍സ്ഫര്‍ ചെയ്യുന്നതായി കണ്ടെത്തി. ഇതില്‍ പ്രധാന അക്കൗണ്ട് ഡല്‍ഹി ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്ന നൈജീരിയന്‍ സ്വദേശിയായ മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീം എന്നയാളിന്റെ പേരിലുളളതാണ് എന്നു തിരിച്ചറിഞ്ഞു. ഡല്‍ഹിയിലെ ദൗലത്പൂര്‍‍ എന്ന സ്ഥലത്ത് താമസിക്കുന്ന ഇയാള്‍ പണം എ.ടി.എം വഴി പിന്‍വലിക്കുന്ന ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. ഇയാള്‍ ഇടക്കിടക്ക് നടത്തിയ മാംഗ്ലൂര്‍, മുംബൈ യാത്രകളും അന്വേഷണ സംഘം നിരീക്ഷിച്ചു വരികയായിരുന്നു. ഇതിനിടയില്‍‍ കഴിഞ്ഞ ഒക്ടോബര്‍ മാസം 18-ാം തീയതി നൂറനാട് പടനിലത്ത് ജിംനേഷ്യം നടത്തി വന്ന അഖില്‍ രാജ്.ജി എന്ന യുവാവിന്റെ വീട്ടില്‍ നിന്നും 50 ഗ്രാം MDMA കണ്ടെടുത്തിരുന്നു. ഈ കേസില്‍ നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ അഖില്‍രാജും കൂട്ടാളിയും ജിം ട്രെയിനറുമായ വിന്‍രാജും ചേര്‍ന്ന് ബാംഗ്ലൂര്‍‍ മത്തിക്കരൈ എന്ന സ്ഥലത്തു നിന്നുമാണ് MDMA ശേഖരിച്ചത് എന്നും 60000 രൂപ കൈപ്പറ്റി ബാംഗ്ലൂര്‍ നഗരത്തിലെ പ്രധാന രാസലഹരി വില്‍പ്പനക്കാരനായ കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് ജാബിദ് എന്നയാളാണ് ഇതു കൈമാറിയത് എന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 16-ാം തീയതി അന്വഷണ സംഘം ബാഗ്ലൂര്‍ നഗരത്തില്‍ നിന്നും കാസര്‍ഗോഡ്, നെല്ലിക്കുന്ന്, നാക്കര (തൈവളപ്പില്‍) വീട്ടില്‍ മുഹമ്മദ് ജാബിദ്.എന്‍.എം (31) ഇയാളുടെ കൂട്ടാളി, കോഴിക്കോട് , നീലേശ്വരം, ഓമശേരി, മാങ്ങാപൊയില്‍ വീട്ടില്‍ മുഹമ്മദ് സഹല്‍ (22) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് സമയത്തും മുഹമ്മദ് ജാബിദിന്റെ ഫോണിലേക്ക് ലഹരി ആവശ്യക്കാരായ യുവതീ യുവാക്കളുടെ മേസേജുകള്‍ നിരന്തരം വന്നു കൊണ്ടിരുന്നു. അടുത്ത ഇടപാടിനുളള രാസലഹരി വസ്തു ശേഖരിച്ചു കൊണ്ടുവരുന്നതിനുളള യാത്രക്കിടയിലാണ് മുഹമ്മദ് ജാബിദ് പോലീസ് പിടിയിലായത്. മുഹമ്മദ് ജാബിദിന്റെ അറസ്റ്റിനു ശേഷം നടത്തിയ അന്വേഷണത്തില്‍ ലൈബീരിയന്‍ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വാട്സാപ്പ് ചാറ്റില്‍ മാത്രം ബന്ധപ്പെടുന്ന ഒരു ആഫ്രിക്കന്‍ സ്വദേശിയാണ് ഇയാള്‍ക്ക് വന്‍തോതില്‍ MDMAകൈമാറുന്നത് എന്നും Drop & Pick എന്ന രീതിയിലാണ് ഇടപാട് എന്നും ഇടപാടുകാര്‍ പോലും ഇയാളെ നേരില്‍ കണ്ടിട്ടില്ല എന്നും വ്യക്തമായിരുന്നു. എന്നാല്‍ മുഹമ്മദ് ജാബിദ് പണം കൈമാറ്റം ചെയ്ത വിവിധ അക്കൗണ്ടുകള്‍ പരിശോധിച്ച അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകള്‍ നൈജീരിയന്‍ പൗരനായ മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീമിന്റെ വ്യത്യസ്ത അക്കൗണ്ടുകളിലേക്കാണ് നയിച്ചത്. ഡല്‍ഹി, ബാംഗ്ലൂര്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കവേ ഇതിനിടയില്‍ രാജ്യം വിട്ടു പോയ ഇയാളെ നൈജീരിയയില്‍ നിന്നും എത്യോപ്യയിലെ ആഡിസ് അബാബ വഴി ഇന്ത്യയിലേക്ക് തിരിച്ചു വരും വഴി കഴിഞ്ഞ ഡിസംബര്‍ മാസം 12-ാം തീയതി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വയനാട് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ അറസ്റ്റ് ചെയ്തു. കല്‍പ്പറ്റ എന്‍.ഡി.പി.എസ് സ്പെഷ്യല്‍ കോടതി റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അതിസുരക്ഷാ തടങ്കലില്‍ പാര്‍പ്പിച്ചു വരവേ നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി നൈജീരിയയിലെ കോഗി സംസ്ഥാനത്ത് ലൊകോജോ വില്ലേജില്‍ എയ്ക അഡാഗു ഒക്നെ എന്ന സ്ഥലവാസിയായ മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീം (24) (Muhammed Jamiu Abdul Raheem Age 24, House No. 205, Eika Adagu Okene Street, Lokoja Village, Kogi District, Kogi State, Nigeria) എന്ന പ്രതിയെ അറസ്റ്റ് ചെയ്തു. ഇന്നേ ദിവസം ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു നല്‍കിയിട്ടുണ്ട്. 2022 ല്‍ ഡല്‍ഹി ടെക്നിക്കല്‍ യൂണിവേഴ്സിറ്റിയില്‍ സിവില്‍ എഞ്ചിനീയറിംഗ് പഠനത്തിനായി വന്ന മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീം ഇപ്പോള്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ്. രാസലഹരിക്ക് അടിമയായ ഇയാള്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. തെക്കേ ഇന്ത്യന്‍ നഗരങ്ങളില്‍, പ്രത്യേകിച്ച് ബാംഗ്ലൂരില്‍ ഇയാളുടെ നേതൃത്വത്തിലുളള സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീം ലഹരി ഇടപാടിന് ഉപയോഗിക്കുന്ന 8 ഇന്ത്യന്‍ ബാങ്കുകളിലെ അക്കൗണ്ടുകള്‍ തിരിച്ചറിഞ്ഞു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുളള ആളുകളെ കാരിയര്‍മാരായി ഉപയോഗിച്ച് നടത്തുന്ന ഈ ലഹരി ശൃംഖലയില്‍ ഇയാളെക്കൂടാതെ രാജ്യത്ത് വിദ്യാഭ്യാസത്തിനെന്ന പേരില്‍ എത്തിയിട്ടുളള മറ്റു ചില ആഫ്രിക്കന്‍ പൗരന്‍മാരും ഉള്‍പ്പെട്ടിട്ടുളളതായി സൂചനകള്‍ ലഭിച്ചിട്ടുണ്ട്. ലഹരി ഇടപാടിലൂടെ ലഭിക്കുന്ന പണം ബിറ്റ്കോയിന്‍/ക്രിപ്റ്റോ കറന്‍സികളാക്കി ഇയാള്‍ നൈജീരിയയിലേക്ക് കടത്തി വരികയായിരുന്നു എന്ന് ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയ മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീമിനെ കൂടുതല്‍ ചോദ്യം ചെയ്ത് MDMA ഉത്പാദന കേന്ദ്രവും ഇയാളുടെ നെറ്റ് വര്‍ക്കിലെ മറ്റു കൂട്ടാളികളേയും കണ്ടെത്തുന്നതിനുളള നടപടികള്‍ ആരംഭിച്ചു. ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി എം.കെ ബിനുകുമാറിനൊപ്പം നൂറനാട് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍.എസ്, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സിനു വര്‍ഗ്ഗീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത്.എ, കലേഷ്.കെ, ഗിരീഷ് ലാല്‍.വി.വി എന്നിവര്‍ ചേര്‍ന്ന സംഘമാണ് അന്വേഷണം നടത്തിയത്.

റിപ്പോർട്ട്‌ അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *