ശബരിമല സ്വര്‍ണക്കൊള്ള; പദ്ധതിയിട്ടത് വന്‍ കവര്‍ച്ചയ്ക്ക്, ഗൂഢാലോചന നടത്തിയത് ബംഗളൂരുവില്‍.
ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികള്‍ പദ്ധതിയിട്ടത് വന്‍ കവര്‍ച്ചയ്ക്കാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി).വന്‍ കവര്‍ച്ചയ്ക്ക് ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ദ്ധനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും പങ്കജ് ഭണ്ഡാരിയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും എസ്ഐടി വ്യക്തമാക്കി. ഗോവര്‍ദ്ധന്‍ ഹൈക്കോടതി നല്‍കിയ ജാമ്യാഹര്‍ജി എതിര്‍ത്തുകൊണ്ട് എസ്ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.’ശ്രീകോവിലിന് അടുത്തും പുറത്തുമുള്ള എല്ലാ സ്വര്‍ണവും കവര്‍ച്ച നടത്താന്‍ ഇവര്‍ ആസൂത്രണം നടത്തിയിരുന്നു. 2025 ഒക്ടോബറില്‍ ഹൈക്കോടതി ഈ കേസ് പരിഗണിച്ചപ്പോള്‍ ഗോവര്‍ദ്ധനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും പങ്കജ് ഭണ്ഡാരിയും ചേര്‍ന്ന് ബംഗളൂരുവില്‍ വച്ച് രഹസ്യമായി കണ്ട് സംസാരിച്ചു. ഗൂഢാലോചന മറച്ച് വയ്ക്കാന്‍ എന്തൊക്കെ പദ്ധതി വേണമെന്നുംചര്‍ച്ച നടത്തി. ശബരിമലയിലെ വഴിപാടുകളുമായി ബന്ധപ്പെട്ട് നിരവധി പണം അക്കൗണ്ടുകളിലേക്ക് വന്നിട്ടുണ്ട്. ഈ പണം കുറ്റകൃത്യം മറച്ചുവയ്ക്കാനുള്ള ശ്രമമാണ്. നടന്നത് വന്‍ കൊള്ളയാണ്. വന്‍ ആസൂത്രണം നടത്തിയിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാന്‍ പല ആസൂത്രണങ്ങളും നടത്തി. കൊള്ളയുടെ വ്യാപ്തി അറിയാന്‍ ശാസ്ത്രീയ പരിശോധനഫലം വരണം. അതുവരെ പ്രതികള്‍ക്ക് ജാമ്യം നല്‍കരുത്’- എസ്ഐടി ഹൈക്കോടതിയില്‍ വാദിച്ചു.എന്നാല്‍ കേസില്‍ നിരപരാധിയാണെന്നും ശബരിമലയ്ക്ക് വലിയതോതില്‍ സംഭാവകള്‍ നല്‍കുന്ന വ്യക്തിയാണെന്നുമാണ് ഗോവര്‍ദ്ധന്‍ ഹര്‍ജിയില്‍ വാദിക്കുന്നത്. ഒന്നരക്കോടി ക്ഷേത്രത്തിനായി നല്‍കിയ തനിക്ക് തട്ടിപ്പ് നടത്തേണ്ട സാഹചര്യമില്ലെന്നും ഇയാള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു
