കോട്ടക്കല്‍ ഭൂമി കുലുക്കം : ആശങ്കപ്പെടേണ്ടതില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി
കോട്ടക്കല്‍: കഴിഞ്ഞ ദിവസം രാത്രി കോട്ടയ്ക്കല്‍ മേഖലയില്‍ ഭൂമിക്കടിയില്‍നിന്നു വലിയ ശബ്ദത്തോടെയുണ്ടായ പ്രകമ്പനം മഴക്കാലത്തിനു ശേഷം കണ്ടുവരുന്ന സാധാരണ പ്രതിഭാസമെന്നു ദുരന്ത നിവാരണ വിഭാഗം. ആശങ്കയ്ക്കു വകയില്ല. പീച്ചിയിലെ ഭൗമ ശാസ്ത്രപഠന വിഭാഗത്തി ന്റെ ഭൂചലന മാപിനിയില്‍ ഇതു രേഖപ്പെടുത്തിയിട്ടില്ല. റിക്ടര്‍ സ്‌കെയിലില്‍ മുന്നോ അതില്‍ കൂടുതലോ തീവ്രതയുള്ള ഭൂചനങ്ങളാണ് ഇതില്‍ രേഖപ്പെടുത്തുന്നത്. അതേസമയം, ഇടുക്കിയിലെ കെഎസ്ഇബിയുടെ ഭൂചലന മാപിനിയില്‍ നേരിയ തോതില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്.. ഇതിന്റെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്ന് ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വിള്ളലോ മറ്റു പ്രശ്നങ്ങളോ ഉണ്ടായിട്ടില്ലെന്ന് ദുരന്ത നിവാരണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മഴ കാലത്തിനു ശേഷം മണ്ണിന്റെ അടരുകളിലൂടെ വെള്ളമിറങ്ങിയും മറ്റും പാറക്കെട്ടുകള്‍ക്കുമേല്‍ സമ്മര്‍ദമുണ്ടാകും. ഇതു കാരണം സംഭവിക്കുന്ന പ്രതിഭാസമാണിതെന്നാണ് കണ്ടെത്തിയിട്ടുള്ളത്
