February 5, 2026

അയര്‍ലൻഡിൽ കാര്‍ നദിയില്‍ വീണ് മലയാളി യുവാവ് മരണമടഞ്ഞു

  • December 21, 2025
  • 1 min read
അയര്‍ലൻഡിൽ കാര്‍ നദിയില്‍ വീണ് മലയാളി യുവാവ് മരണമടഞ്ഞു

.

കോര്‍ക്ക് : അയര്‍ലൻഡിലെ കോര്‍ക്കില്‍ കാര്‍ നദിയില്‍ വീണ് യോള്‍ ബാലിനയില്‍ താമസിക്കുന്ന ഇടുക്കി കമ്പംമെട്ട് സ്വദേശി ജോയ്സ് വിലങ്ങുപാറ (34 വയസ്സ്) മരണമടഞ്ഞു.

കോര്‍ക്കിലെ കോണ്‍ന റോഡ് (R628) സമീപമുള്ള ബ്രൈഡ് നദിയില്‍ ഡിസംബർ 20 ശനിയാഴ്ച്ച രാത്രിയാണ് ജോയ്സ് സഞ്ചരിച്ചിരുന്ന കാര്‍ സ്‌കിഡ് ചെയ്ത് നദിയിലേക്ക് പതിച്ചത്. മിഡില്‍ട്ടണിന് നടുത്തുള്ള ബാലന്‍കൂറിങ് നഴ്സിംഗ് കെയര്‍ ഹോമിലെ ജീവനക്കാരനായിരുന്ന ജോയ്സ് ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവെയാണ് കാര്‍ അപകടത്തില്‍ പെട്ടത്.

ഏറെ വൈകിയിട്ടും ജോയ്‌സിനെ കാണാതായതോടെ പരിഭ്രാന്തരായ ഭാര്യയും കുഞ്ഞുങ്ങളും ജോയ്സിന്റെ സുഹൃത്തുക്കളെ വിവരം അറിയിച്ചു. അവര്‍ പ്രാഥമിക തിരച്ചില്‍ നടത്തിയെങ്കിലും യാതൊരു വിവരവും ലഭിക്കാത്തതിനാല്‍ ഗാര്‍ഡയെ വിവരം അറിയിക്കുകയുമാണുണ്ടായത്. ഗാര്‍ഡ അപ്പോള്‍ തന്നെ തിരച്ചില്‍ തുടങ്ങി. പുലര്‍ച്ചയാണ് നദിയില്‍ ഒരു കാര്‍ മുങ്ങി കിടക്കുന്ന കാര്‍ പ്രദേശവാസികളുടെ ശ്രദ്ധയില്‍ പെട്ടത്. ഗാര്‍ഡ എത്തിയാണ് കാറിനുള്ളില്‍ നിന്നും മൃതദേഹം പുറത്തെടുത്തത്. കാറില്‍ ജോയ്സ് ഒറ്റയ്ക്കെ ഉണ്ടായിരുന്നുള്ളു. ആരോ സമ്മാനിച്ച ഒരു കേക്ക് ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ ജോയ്സ് കൈയ്യില്‍ കരുതിയിരുന്നു. ഗാര്‍ഡ മൃതദേഹം പുറത്തെടുക്കുമ്പോഴും ,കുഞ്ഞുമക്കള്‍ക്കായി ജോയ്സ് കരുതിയ ആ ക്രിസ്മസ് കേക്ക് , ആ കൈകളില്‍ ഉണ്ടായിരുന്നു.

ഇന്നലെ ഈ മേഖലയില്‍ കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. മഴയില്‍ കാര്‍ തെന്നലില്‍ സ്‌കിഡ് ചെയ്ത് പുഴയിലേക്ക് കുതിയ്ക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് നദിയിലെ വെള്ളത്തില്‍ കാര്‍ കാണപ്പെട്ടതായി ഗാര്‍ഡയ്ക്ക് വിവരം ലഭിച്ചത്. സംഭവ സ്ഥലത്തെത്തിയ രക്ഷാ പ്രവര്‍ത്തകര്‍, യാത്രക്കാരനുമായിരുന്ന ആള്‍ മരിച്ചതായി സ്ഥിരീകരിച്ചു.

മൃതദേഹം കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമാക്കുന്നതിനായി പിന്നീട് പോസ്റ്റ്മോര്‍ട്ടം പരിശോധന നടത്തും. സംഭവത്തെ തുടര്‍ന്ന് ഫോറന്‍സിക് കൊളിഷന്‍ അന്വേഷണ സംഘങ്ങള്‍ സാങ്കേതിക പരിശോധന നടത്തുന്നതിനാല്‍ കോണ്‍ന റോഡ് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. വാഹനങ്ങള്‍ ദിശ തിരിച്ച് വിട്ടിട്ടുണ്ട്..

ദൃക്‌സാക്ഷികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ഗാര്‍ഡയുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ഡാഷ്‌ക്യാം ഉള്‍പ്പെടെ ക്യാമറ ദൃശ്യങ്ങള്‍ കൈവശമുള്ളവര്‍, ഡിസംബര്‍ 19 വെള്ളിയാഴ്ച രാത്രി 10 മണിയ്ക്കും ഡിസംബര്‍ 20 ശനിയാഴ്ച രാവിലെ 10 മണിയ്ക്കും ഇടയില്‍ കോണ്‍ന റോഡ് വഴി യാത്ര ചെയ്തിട്ടുണ്ടെങ്കില്‍, അവരുടെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് നല്‍കണമെന്നും ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.

ഏതെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ഫെര്‍മോയ് ഗാര്‍ഡാ സ്റ്റേഷനുമായോ (025 82100), ഗാര്‍ഡാ സീക്രട്ട് സഹായ ലൈനായ 1800 666 111 എന്ന നമ്പറിലോ ബന്ധപ്പെടണമന്നും അറിയിപ്പില്‍ പറയുന്നു.

ഭാര്യയും രണ്ടു പിഞ്ച് കുഞ്ഞുങ്ങളെയും അനാഥരാക്കിയാണ് ജോയ്‌സിന്റെ അകാലത്തിലുള്ള ആകസ്മിക മരണമുണ്ടായത്. ജോയ്സിനെ അടുത്തറിയുന്ന എല്ലാവരും ഏറെ സങ്കടത്തിലാണ്.
ജോയ്‌സിന്റെ കുടുംബത്തെ സഹായിക്കാനായി കോർക്കിലെ സുഹൃത്തുക്കളും, സഹ പ്രവർത്തകരും ചേർന്ന് ഒരു സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. സന്മനസുള്ളവരുടെ സഹായം ഗോ ഫണ്ട് മീയിലൂടെ ലഭ്യമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *