കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി
പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി.ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് പുലി കൂട്ടിലായത്. വനമേഖലയോട് ചേർന്ന കൊട്ടാരം ജോർജിന്റെ തോട്ടത്തിലാണ് നവംബർ 27-ന് വനം വകുപ്പ് കൂട് സ്ഥാപിച്ചത്.തോട്ടത്തിൽ കാട് വെട്ടാനെത്തിയ തൊഴിലാളികൾക്ക് നേരെ പുലി പാഞ്ഞടുത്ത സംഭവത്തെ തുടർന്ന് പ്രദേശത്ത് വ്യാപക ഭീതിയുണ്ടായിരുന്നു.ഭാഗ്യം കൊണ്ടാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്. വാക്കോടൻ, ചുള്ളിപ്പറ്റ, നിരവ്, ചെന്തണ്ട് മേഖലകളിൽ പുലിയുടെയും കടുവയുടെയും സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ നേരത്തെ പരാതിപ്പെട്ടിരുന്നു.ചില വീടുകളിൽ നിന്നുള്ള വളർത്തുമൃഗങ്ങളെ പുലി പിടിച്ചുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു.തുടർന്ന് നാട്ടുകാർ മണ്ണാർക്കാട് ഡിവിഷൻ ഫോറസ്റ്റ് ഓഫീസർക്ക് (ഡിഎഫ്ഒ) പരാതി നൽകി.ഇതിന്റെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് പുലിയെ പിടികൂടാൻ നടപടി സ്വീകരിച്ച് കൂട് സ്ഥാപിച്ചത്. പൂഞ്ചോല മാന്തോൺ പ്രദേശത്ത് സ്ഥാപിച്ചിരുന്ന കൂടാണ് പിന്നീട് വാക്കോടൻ ഭാഗത്തേക്ക് മാറ്റിയത്.പുലി കൂട്ടിൽ കുടുങ്ങിയ വിവരം അറിഞ്ഞതോടെ വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.




