സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനല്‍ വെടിയുണ്ടകള്‍
ആലപ്പുഴ :എയ്ഡഡ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ യഥാര്‍ത്ഥ വെടിയുണ്ടകളെന്ന് കണ്ടെത്തല്‍. തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ ബാലിസ്റ്റിക് വിഭാഗത്തില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം.നവംബര്‍ അവസാന വാരമാണ് ആലപ്പുഴ കാര്‍ത്തികപ്പള്ളി എയ്ഡഡ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ബാഗില്‍ നിന്ന് ആണ് രണ്ട് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഈ വെടിയുണ്ടകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി കരിയിലകുളങ്ങര പൊലീസ് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരുന്നു. ഇവ മിലിറ്ററിയില്‍ പഴയമോഡല്‍ തോക്കുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകള്‍ ആണെന്നാണ് കണ്ടെത്തല്‍. ഈ വെടിയുണ്ടകള്‍ പുതിയ തോക്കുകളില്‍ ഉപയോഗിക്കാന്‍ കഴിയില്ല.അധ്യാപകര്‍ ലഹരി ഉപയോഗം തടയാന്‍ നടത്തുന്ന സ്‌കൂള്‍ ബാഗ് പരിശോധനയ്ക്കിടെയായിരുന്നു വെടിയുണ്ടകള്‍ കണ്ടെത്തിയത്. സുഹൃത്ത് തന്നതാണെന്നായിരുന്നു വിദ്യാര്‍ത്ഥി മൊഴി നല്‍കിയത്. പൊലീസ് അന്വേഷണത്തില്‍ സുഹൃത്തായ മറ്റൊരു വിദ്യാര്‍ത്ഥിയുടെ ബന്ധു മിലിറ്ററി ഉദ്യോഗസ്ഥനാണെന്ന് കണ്ടെത്തി.വെടിയുണ്ടകള്‍ ശ്രദ്ധയില്‍പ്പെട്ട കുട്ടികള്‍ കൗതുകത്തിന് രണ്ടെണ്ണം എടുക്കുകയും കൂട്ടുകാര്‍ക്ക് കൈമാറുകയും ചെയ്തു എന്നാണ് വിലയിരുത്തല്‍. എന്നാല്‍, ബന്ധുവായ മിലിട്ടറി ഉദ്യോഗസ്ഥന് ഈ വെടിയുണ്ടകള്‍ കൈവശം വയ്ക്കാവുന്നതാണോ എന്നും എന്തിന് വീട്ടില്‍ സുരക്ഷിതമല്ലാതെ സൂക്ഷിച്ചു എന്നതിലുമാണ് വ്യക്തതവരേണ്ടത്. മറ്റൊരു കുട്ടിയുടെ പക്കല്‍ നിന്നും സമാനമായ വെടിയുണ്ടകള്‍ കണ്ടെത്തിയിരുന്നു. ഇവയും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
റിപ്പോർട്ട് മധു
