പ്ലാസ്റ്റിക് ഫ്ലവർ യൂണിറ്റിൽ വൻ തീ പിടിത്തം :യൂണിറ്റും ഗോഡൗണും കത്തിനശിച്ചു
വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന് കാരുമാത്ര പാലപ്രക്കുന്നിലെ പ്ലാസ്റ്റിക് ഫ്ലവർ മാനുഫാക്‌ചറിങ് യൂണിറ്റിലും ഗോഡൗണിലും വൻ തീപിടിത്തം. വ്യാഴാഴ്ച വൈകിട്ട് 5.30നാണ് പാലപ്രക്കുന്ന് സ്വദേശി മച്ചിങ്ങത്ത് ഷൈജുവിൻ്റെ ഉടമസ്ഥതയിലുള്ള ഗോഡൗണിന് തീ പിടിച്ചത്. വെൽഡിങ് ജോലികൾ നടക്കുന്നതിനിടെയാണ് തീപിടിത്തമുണ്ടായതെന്നാണ് തൊഴിലാളികൾ നൽകുന്ന സൂചന. വെൽഡിങ്ങിനിടെയുണ്ടായ ചെറിയ തീ അണച്ചിരുന്നുവെന്നും എന്നാൽ അതിനുശേഷം താഴെ നിന്ന് എങ്ങനെയാണ് തീ പടർന്നതെന്ന് വ്യക്തമല്ലെന്നും തൊഴിലാളികൾ പറഞ്ഞു. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്നതിനാൽ തീ അതിവേഗം തൊട്ടടുത്തുള്ള മാനുഫാക്‌ചറിങ് യൂണിറ്റുകളിലേക്കും പടർന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വിവരമറിഞ്ഞ ഉടൻ മാള, കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണച്ചത്. തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിവരം.




