ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളജില്‍ ബസ് അറ്റകുറ്റപ്പണി നടക്കുന്നതിനിടെ പൊട്ടിത്തെറി; മെക്കാനിക്കിന് ദാരുണാന്ത്യം
ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളേജിലെ ബസ് അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ മരിച്ചു. ചങ്ങനാശേരി മാമ്മൂട് കട്ടച്ചിറവെളിയിലെ കുഞ്ഞുമോനാണ് (60) മരിച്ചത്. കഴിഞ്ഞ രണ്ടുദിവസമായി കേടായ നിലയില്‍ നിന്ന ബസിന്റെ അറ്റകുറ്റപ്പണി വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കുന്നതിനിടയിലായിരുന്നു സംഭവം.
വൈകുന്നേരം ആറരയോടെയാണ് ബസിനുള്ളില്‍നിന്ന് ശക്തമായ പൊട്ടിത്തെറി ഉണ്ടായത്. അമിത ചൂടേറിയ എന്‍ജിന്റെ ടര്‍ബോ ഭാഗം പൊട്ടിത്തെറിച്ചതാണ് പ്രാഥമിക നിഗമനം. വിവരം ലഭിച്ച ഉടന്‍ പൊലീസ്, ഫയര്‍ഫോഴ്‌സ് ടീമുകള്‍ സ്ഥലത്തെത്തി.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോനെ ആദ്യം ചെങ്ങന്നൂര്‍ താലുക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ കുഞ്ഞുമോന്റെ സഹായിക്കും പരിക്കേറ്റിട്ടുണ്ട്. ബസിലുണ്ടായിരുന്ന ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ല.
