റാവല്‍പിണ്ടിയില്‍ ഇമ്രാന്‍ ഖാന്റെ മരണവാര്‍ത്ത: ഔദ്യോഗിക സ്ഥിരീകരണം ഇല്ല
റാവല്‍പിണ്ടി: പാകിസ്താനിലെ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലും ചില അന്താരാഷ്ട്ര അക്കൗണ്ടുകളിലും പ്രചരിക്കുന്നു. എന്നാല്‍ ഇതുവരെ ഏതെങ്കിലും ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുമുള്ള സ്ഥിരീകരണം ലഭിച്ചിട്ടില്ല.2023 മുതല്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാന്‍ ഖാന്‍. അഫ്ഗാന്‍ ടൈംസ് എന്ന ‘എക്‌സ്’ അക്കൗണ്ട് ആണ് “അഡിയാല ജയിലില്‍ ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടു” എന്ന അവകാശവാദം ഉന്നയിച്ചത്. ഇതോടെയാണ് അഭ്യൂഹങ്ങള്‍ വേഗത്തില്‍ വ്യാപിച്ചത്.ഇമ്രാന്‍ ഖാനെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കുടുംബാംഗങ്ങളെ കാണാന്‍ അനുവദിക്കുന്നില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് മരണവാര്‍ത്തയെന്ന നിലയില്‍ പ്രചാരണം ശക്തമായത്.അഡിയാല ജയിലിന് പുറത്ത് പ്രതിഷേധത്തിനെത്തിയ ഇമ്രാന്‍ ഖാന്റെ സഹോദരിമാരെ സുരക്ഷാസേന കൈയേറ്റം ചെയ്തുവെന്ന ദൃശ്യങ്ങളും സോഷ്യല്‍മാധ്യമങ്ങളില്‍ പ്രചരിക്കുന്നു.ഔദ്യോഗിക സ്ഥിരീകരണം ലഭിക്കുന്നതുവരെ പ്രചരിക്കുന്ന വിവരങ്ങളെക്കുറിച്ച് ജാഗ്രത ആവശ്യമാണ്.




