ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മൊൻതാ തീവ്ര ചുഴലിക്കാറ്റായി മാറി: ആന്ധ്രാപ്രദേശ് തീരത്ത് കനത്ത മഴയും ശക്തമായ കാറ്റും; കേരളത്തില്‍ ഏഴു ജില്ലകളില്‍ യെല്ലോ അലേർട്ട്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മൊൻതാ ചുഴലിക്കാറ്റ് തീവ്രമായ ചുഴലിക്കാറ്റായി മാറി. മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുന്നതിനാല്‍, ആന്ധ്രാപ്രദേശ് തീരത്ത് കനത്ത മഴയും ശക്തമായ കാറ്റും അനുഭവപ്പെടുന്നുണ്ട്. ആന്ധ്രാപ്രദേശ്, യാനം, തെക്കൻ ഒഡീഷ തീരങ്ങൾ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നാളെ വരെ ചുവപ്പ് ജാഗ്രത നൽകിയിട്ടുണ്ട്. റായലസീമ, തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ, തെലങ്കാന എന്നിവിടങ്ങളിൽ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ട്. ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്ക് സമീപം ഇന്ന് രാത്രി കൊടുങ്കാറ്റ് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി സ്ഥിതിഗതികൾ ചർച്ച ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര പിന്തുണ വാഗ്ദാനം ചെയ്തു. ഒഡീഷയില്‍ കൊടുങ്കാറ്റിനെ നേരിടുന്നതിനായി താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിക്കുന്ന നടപടികൾ ഉള്‍പ്പെടെ ശക്തമാക്കിയിട്ടുണ്ട്.




