അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം: അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ:നാല് ജില്ലകളിൽ ഓറഞ്ച് ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ അതിശക്തമായി തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ബാക്കിയുള്ള ജില്ലകളിൽ ഇന്ന് മഞ്ഞ ജാഗ്രതയാണ്.അറബിക്കടലിൽ തീവ്ര ന്യൂനമർദ്ദം നിലനിൽക്കുന്നതാണ് ശക്തമായ മഴയ്ക്ക് കാരണം. കൂടാതെ ബംഗാൾ ഉൾക്കടലിൽ വരും ദിവസങ്ങളിൽ ചുഴലിക്കാറ്റ് രൂപപ്പെടാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് അടുത്ത 5 ദിവസം വരെ ഇടിയോടുകൂടിയ മഴ തുടരുമെന്നാണ് പ്രവചനം.കേരള തീരത്ത് മറ്റന്നാള്‍ വരെയും, കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ചൊവ്വാഴ്ച വരെയും മത്സ്യബന്ധനത്തിന് പൂര്‍ണ വിലക്കാണ്.തിരുവനന്തപുരത്തെ പൊൻമുടി ഇക്കോ ടൂറിസം കേന്ദ്രം, പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇനി നിർദ്ദേശമുണ്ടാകുന്നതുവരെ അടച്ചിടുന്നതായി ഫോറസ്റ്റ് വകുപ്പ് അറിയിച്ചു.ജലനിരപ്പ് അപകടകരമായി ഉയരുന്നതിനെ തുടർന്ന് തിരുവനന്തപുരം വാമനപുരം, കരമനയാർ എന്നിവിടങ്ങളിൽ മഞ്ഞ ജാഗ്രത തുടരും. ഈ നദികളിൽ യാതൊരു കാരണവശാലും ഇറങ്ങുകയോ കടക്കുകയോ ചെയ്യരുതെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകി.അധിക ജാഗ്രതയും വേണ്ടത്ര മുൻകരുതലുകളും സ്വീകരിക്കണമെന്ന് സർക്കാർ നിർദേശം നൽകി




