നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചു
കോഴിക്കോട് ∙ യെമനിൽ മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. നിമിഷപ്രിയയുടെ മോചനത്തിനായി ശ്രമിക്കുന്ന ‘സേവ് നിമിഷ പ്രിയ ഇന്റർനാഷനൽ ആക്‍ഷൻ കൗൺസിൽ’ എന്ന സംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇതു സ്ഥിരീകരിച്ചിട്ടുണ്ട‌്. വധശിക്ഷ ഒഴിവാക്കാൻ കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ ഇടപെടലിനെ തുടർന്ന് യെമനിൽ ഇന്നു മധ്യസ്ഥ ചർച്ച നടന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതീക്ഷയുണർത്തുന്ന സൂചനകൾ പുറത്തുവരുന്നത്.കൊല്ലപ്പെട്ട തലാലിന്റെ കുടുംബാംഗങ്ങളുമായി സൂഫി പണ്ഡിതർ നടത്തിയ മധ്യസ്ഥ ഇടപെടലില്‍ അവര്‍ വഴങ്ങുകയായിരുന്നുവെന്നാണ് വിവരം. ദയാധനം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പു നല്‍കാന്‍ തലാലിന്റെ കുടുംബം തയാറായെന്നാണ് സൂചന. ഈ തീരുമാനം സനായിലെ കോടതിയെ അറിയിക്കും. നാളെ വധശിക്ഷ നടപ്പിലാക്കുമെന്നായിരുന്നു നേരത്തേയുള്ള അറിയിപ്പ്. വിഷയത്തിൽ ഇടപെട്ടതിന് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർക്ക് ആക്‌ഷൻ കൗൺസിൽ നന്ദി അറിയിച്ചു.
