ലഹരിയിൽ വീട്ടിലേക്ക് അതിക്രമിച്ചു കയറി തീ വെച്ചു; തൈരുംകുടം ശ്രീജിത്ത് റിമാന്റിൽ
പുതുക്കാട്: ലഹരിമയത്തിൽ മറ്റൊരു വീട്ടിലേക്ക് അതിക്രമിച്ചു കയറി റൂമിനകത്ത് തീയിട്ട് നാശനഷ്ടം സൃഷ്ടിച്ച കേസിൽ വരന്തരപ്പിള്ളി സ്റ്റേഷൻ റൗഡി തൈരും കുടം ശ്രീജിത്തിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു.വരന്തരപ്പിള്ളി സ്റ്റേഷനിലെ അറിയപ്പെട്ട റൗഡിയും, നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ തൈരും കുടം ശ്രീജിത്ത് എന്നു വിളിക്കുന്ന ശ്രീജിത്ത്, വെറ്റിയാട്ടിൽ ഹൗസ്, റൊട്ടിപ്പടി, വരന്തരപ്പിള്ളി, 34 വയസ്സ്, എന്നയാൾ (26/06/2025) വൈകിട്ട് 7 മണിയോടെ പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മണ്ണംപേട്ട വളഞ്ഞൂപ്പാടം ദേശത്ത് താമസിച്ചുവരുന്ന രവിചന്ദ്രൻ, തുടങ്ങിൽ ഹൗസ്, എന്നയാളുടെ വീട്ടിൽ, പുറകുവശത്തെ പേരമരത്തിലൂടെ കയറി, വീടിനകത്തേക്ക് അതിക്രമിച്ചു പ്രവേശിക്കുകയും, അപ്പോൾ അകത്ത് ഉണ്ടായിരുന്ന രവിചന്ദ്രന്റെ ഭാര്യയെയും മകളെയും ഭയപ്പെടുത്തുകയും ഇരുവരും ഭീതിയോടെ പുറത്തിറങ്ങി അയൽവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് പ്രദേശവാസികൾ ചേർന്ന് ശ്രീജിത്തിനെ വീട്ടിലെ റൂമിൽ പൂട്ടുകയായിരുന്നു.ഇതിനു ശേഷം ശ്രീജിത്ത് റൂമിലെ അലമാരയിലെ വസ്ത്രങ്ങൾ, എയർ കണ്ടീഷണർ, ബാത്ത്‌റൂം ഡോർ തുടങ്ങിയവയ്ക്കും തീകൊളുത്തി നാശം വരുത്തുകയും, മൊബൈൽ ഫോണും തകർത്തു കളയുകയുമായിരുന്നു.സംഭവസ്ഥലത്തെത്തിയ പുതുക്കാട് പോലീസ് ഉടനെ തന്നെ ഇയാളെ പിടികൂടി അറസ്റ്റ് ചെയ്തു. പുതുക്കാടു പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേന്ദ്ര സിംഹൻ, എ എസ് ഐ ജോബി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രശാന്ത്, ദീപക്ക് , സിവിൽ പോലീസ് ഓഫീസർ സുജിത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.



