കുടുംബശ്രീക്ക് 27 വയസ്സ് ആകുമ്പോൾ.
സ്ത്രീ-ശാക്തീകരണത്തിന്റെ ഭാഗമായി മഹിളാമണിമാർക്ക് അവരുടെ മാന്യതക്കും മഹത്വത്തിനും പോറലേൽക്കാതിരിക്കാൻ, അവരുടെ അറിവും കർമ്മ ശേഷിയും പരിപോഷിപ്പിക്കാൻ അതിലൂടെ സമൂഹത്തിന്റെ പരിഗണനയും അംഗീകാരവും പിടിച്ചു പറ്റാൻ ലക്ഷ്യമിട്ടുകൊണ്ട് 1998 മെയ് 17 ന് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി വാജ്‌പേയി മലപ്പുറം കോട്ടക്കുന്നിൽ ഔപചാരികമായി പദ്ധതി ഉൽഘാടനം ചെയ്തതാണ് കുടുംബശ്രീ.ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് കുടുംബശ്രീ പദ്ധതി ഏറ്റെടുത്തു. സംസ്ഥാന ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷന്‍ ആണ് ഈ പ്രോജക്ട് നടത്തുന്നത്. ഇന്ന് കുടുംബശ്രീയുടെ പ്രവര്‍ത്തനം ശക്തവും വിപുലവുമാണ്.സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനം നിലവില്‍ വരികയും അടുക്കളത്തോട്ടവും, അച്ചാർ, പപ്പടം, സോപ്പ്, തേൻ, നെയ്യ് പോലുള്ളവയുടെ നിർമ്മാണം വ്യാപകമാവുകയും ചെയ്തു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കുടുംബശ്രീയില്‍ അംഗങ്ങളാണ്. 15 മുതല്‍ 40 വരെ കുടുംബങ്ങളില്‍ നിന്നും ഓരോ വനിത ഉള്‍പ്പെടുന്ന അയല്‍ക്കൂട്ടങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഏരിയാ ഡവലപ്മെന്റ് സൊസൈറ്റികളും, കമ്മ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റികളും ഉള്‍പ്പെടുന്ന കുടുംബശ്രീ സംഘടനാ സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രൂപീകരിച്ചിട്ടുണ്ട്. നൂതന ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടുകൂടി നടപ്പിലാക്കുന്ന മികച്ച ജനസേവന പരിപാടിക്ക് കോമണ്‍വെല്‍ത്ത് അസ്സോസിയേഷന്‍ ഫോര്‍ പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്റ് മാനേജ്മെന്റ് ഏര്‍പ്പെടുത്തിയിട്ടുള്ള അന്താരാഷ്ട്ര സുവര്‍ണ്ണ പുരസ്കാരം നേടിയെടുക്കാൻ കുടുംബശ്രീക്ക് സാധിച്ചു എന്നുള്ളത് ഈ പദ്ധതിയുടെ കുറ്റമറ്റ പ്രവർത്തനം തന്നെയാണ്.
റിപ്പോർട്ട് Hr. സലിം കാവശ്ശേരി

