ബംഗ്ലാദേശികൾക്ക് വ്യാജ ഇന്ത്യൻ രേഖകൾ വിതരണം ചെയ്യുന്ന റാക്കറ്റ് തകർത്ത് ഗുജറാത്ത് എടിഎസ്
അനധികൃത നുഴഞ്ഞുകയറ്റത്തിന്റെ രേഖകൾ ശേഖരിക്കുന്നതിന്റെ നടപടികളുടെ ഭാഗമായി, ബംഗ്ലാദേശി പൗരന്മാർക്ക് പാസ്‌പോർട്ടുകൾ, ആധാർ കാർഡുകൾ, വോട്ടർ ഐഡികൾ എന്നിവയുൾപ്പെടെ വ്യാജ ഇന്ത്യൻ രേഖകൾ സ്വന്തമാക്കാൻ സൗകര്യമൊരുക്കുന്ന വിപുലമായ ഒരു ഓപ്പറേഷൻ ഗുജറാത്ത് ആന്റി ടെററിസം സ്ക്വാഡ് (എടിഎസ്) തകർത്തു. ബംഗ്ലാദേശ് പൗരനായ റാണ സർക്കാർ എന്ന മുഹമ്മദ് ദീദറുൽ ആലം, രാജസ്ഥാനിൽ നിന്നുള്ള ഇന്ത്യൻ ഏജന്റ് ഷോയിബ് മുഹമ്മദ് ഖുറേഷി എന്നിവരെ അഹമ്മദാബാദിൽ വെച്ച് എ.ടി.എസ് അറസ്റ്റ് ചെയ്തു. വ്യാജ രേഖകൾക്ക് കൂടുതൽ ആധികാരികത നൽകുന്നതിനായി ബിജെപിയിലെയും കോൺഗ്രസിലെയും രാഷ്ട്രീയ നേതാക്കളുടെ ഔദ്യോഗിക ലെറ്റർഹെഡുകൾ പ്രതികൾ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.നരോളിലെ ബാഗെ കൗസർ പ്രദേശത്തെ റാണ സർക്കാരിന്റെ വസതിക്ക് താഴെ സ്ഥിതി ചെയ്യുന്ന ‘വിഐപി മൊബൈൽ ആൻഡ് മണി ട്രാൻസ്ഫർ’ എന്ന കട വഴിയാണ് റാക്കറ്റ് പ്രവർത്തിച്ചിരുന്നത്.ബംഗ്ലാദേശിലെ കിഷോർഗഞ്ച് ജില്ലക്കാരനായ റാണ സർക്കാർ 2012 ൽ ദിൻഹട്ട വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടക്കുകയും തുടർന്ന് സിലിഗുരി, ഹൗറ, തമിഴ്നാട്, ബാംഗ്ലൂർ, മുംബൈ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് 2015 ൽ അഹമ്മദാബാദിൽ സ്ഥിരതാമസമാക്കിയെന്നും തുടർന്ന് 2017 ഇൽ വ്യാജ രേഖകൾ ഉപയോഗിച്ച് ഇന്ത്യൻ പാസ്‌പോർട്ട് നേടിയെന്നും കണ്ടെത്തി.നിരവധി ബംഗ്ലാദേശി പൗരന്മാർക്ക് നിയമവിരുദ്ധമായ ഇന്ത്യൻ രേഖകൾ ഇയാൾ നിർമ്മിച്ച് നൽകി.ഇയാളുടെ കൂട്ടാളിയായ ഷോയിബ് ഖുറേഷി 2015 മുതൽ ‘അൽ ഖുറേഷി എന്റർപ്രൈസസ്’ എന്ന ഓൺലൈൻ ഡോക്യുമെന്റേഷൻ സേവനം നടത്തിവരികയായിരുന്നു.ആധാർ കാർഡുകൾ, പാൻ കാർഡുകൾ, വോട്ടർ ഐഡി കാർഡുകൾ, ഇന്ത്യൻ പാസ്‌പോർട്ടുകൾ, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ബംഗ്ലാദേശുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയുൾപ്പെടെ നിരവധി വ്യാജ രേഖകൾ റാണ സർക്കാരിന്റെ സ്ഥാപനങ്ങളിൽ നിന്ന് പിടിച്ചെടുത്തു. കൂടാതെ, നിലവിൽ ദക്ഷിണ കൊറിയയിൽ ഒളിവിൽ കഴിയുന്ന റോബുൾ ഇസ്ലാമിന്റെ നിർദ്ദേശപ്രകാരം ബംഗ്ലാദേശി പൗരന്മാർക്കായി തയ്യാറാക്കിയ 13 വ്യാജ തിരിച്ചറിയൽ രേഖകളും എടിഎസ് ഉദ്യോഗസ്ഥർ കണ്ടെത്തി.നരോൽ മണിയാർ പെട്രോൾ പമ്പിന് സമീപമുള്ള ഖുറേഷിയുടെ വീട്ടിൽ നടത്തിയ കൂടുതൽ റെയ്ഡുകളിൽ 22 വ്യാജ സർട്ടിഫിക്കറ്റുകൾ, ജനന സർട്ടിഫിക്കറ്റുകൾ പോലുള്ള 300 ലധികം വ്യാജ തിരിച്ചറിയൽ രേഖകൾ, കമ്പ്യൂട്ടറുകളിൽ നിന്നും ലാപ്‌ടോപ്പുകളിൽ നിന്നുമുള്ള ഡിജിറ്റൽ തെളിവുകൾ എന്നിവ കണ്ടെടുത്ത പോലീസ്, 17 ബംഗ്ലാദേശി പൗരന്മാർക്ക് ഖുറേഷി ഇന്ത്യൻ പാസ്‌പോർട്ടുകൾ നൽകിയെന്നും, ഒമ്പത് പേരുടെ അപേക്ഷകൾ കൂടി കാത്തിരിക്കുകയാണെന്നും കണ്ടെത്തി.കോൺഗ്രസ് നേതാവും എഎംസി പ്രതിപക്ഷ നേതാവുമായ ഷെഹ്‌സാദ് ഖാൻ പത്താൻ, കൗൺസിലർ ഗീത സോളങ്കി, മുൻ കൗൺസിലർ കമറുദ്ദീൻ എന്നിവരുൾപ്പെടെയുള്ള രാഷ്ട്രീയ വ്യക്തികളുടെ ലെറ്റർഹെഡുകൾ തട്ടിപ്പിനായി പ്രതികൾ ദുരുപയോഗം ചെയ്തു.പത്താന്റെ ലെറ്റർഹെഡ് ഉപയോഗിച്ച് നാല് വ്യാജ രേഖകളും, സോളങ്കിയുടെ 15 രേഖകളും, കമറുദ്ദീന്റെ രണ്ട് രേഖകളുമാണ് പ്രതികൾ നിർമ്മിച്ചത്.ലെറ്റർഹെഡുകൾ ഉപയോഗിച്ച കൗൺസിലർമാരെയും ചോദ്യം ചെയ്യുമെന്ന് എടിഎസ് അറിയിച്ചു.നിലവിൽ രണ്ട് പ്രതികൾക്കെതിരെയും ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), പാസ്‌പോർട്ട് ആക്ട്, 1946 ലെ വിദേശി നിയമം എന്നിവയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുക്കുകയും, റോബുൽ ഇസ്ലാമിനെ പിടികൂടുന്നതിനായുള്ള അന്വേഷണം ഊർജിതമാക്കുകയും ചെയ്തു.
gnmnews
