വിഷുക്കണി കണ്ട് മുടി മുറിച്ചു നൽകി ‘ഹെയർ ഫോർ യൂ’ സംഘടനക്കൊപ്പം ബാലികമാർ
.പാലാ: ഇത്തവണത്തെ വിഷുദിനത്തിൽ വിഷുക്കണി കണ്ടിറങ്ങിയ സഹോദരിമാർ ക്യാൻസർ രോഗികൾക്കു വേണ്ടി ഹെയർ ഫോർ യൂ സംഘടനയിലൂടെ ഹെയർ ഡൊണേഷൻ നൽകി സേവനരംഗത്ത് മാതൃകയായിരിക്കുകയാണ്.
നിർധനരായ ക്യാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നിർമ്മിച്ചു നൽകുന്ന ചാരിറ്റബിൾ സംഘടനയാണ് പാലാ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹെയർ ഫോർ യൂ എന്ന സംഘടന. ഈ സംഘടനക്കൊപ്പം ചേർന്ന് കോതമംഗലം കോഴിപ്പിള്ളി മർത്തമറിയം പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിനികളായ ബാലഭദ്രയും(12), ദേവസേനയും (10) ആണ് തുടർച്ചയായി മൂന്നാംവട്ടം മുടിമുറിച്ചു നൽകിയത്. സഹോദരിമാരായ ഈ കുട്ടികളുടെ സേവന മനസിൽ പ്രചോദനം ഉൾക്കൊണ്ട് മുതിർന്നവർക്കൊപ്പം കുട്ടികളും ക്യാൻസർ രോഗികൾക്കായുള്ള ഹെയർ ഡൊണേഷൻ ക്യാമ്പുകളിൽ പങ്കെടുക്കണമെന്ന് സംഘടനയുടെ അമരക്കാരനായ മഹേഷ് പറയുന്നു. അടുത്തു തന്നെ നിർധന രോഗികൾക്ക് സൗജന്യമായി വിഗ്ഗ് വിതരണം ചെയ്യാനുള്ള ശ്രമത്തിലാണ് സംഘടന.
റിപ്പോർട്ട്: ബി.ഞാളിയത്ത്




