April 30, 2025

ഗുരുവായൂർ ക്ഷേത്രത്തിലെ നിറ സാന്നിധ്യം നന്ദിനി വിട പറഞ്ഞു:അന്ത്യം ചികിത്സയിലിരിക്കെ.

  • April 13, 2025
  • 1 min read

ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍ ആനക്കോട്ടയിലെ പിടിയാന നന്ദിനി (64) ചരിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് അന്ത്യം. പ്രായാധിക്യത്താല്‍ അവശതയിലായിരുന്നു. ദേവസ്വം ചെയര്‍മാന്‍ ഡോ.വി കെ വിജയന്‍ ,ഭരണ സമിതി അംഗം സി മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ പി വിനയന്‍ എന്നിവര്‍ ആനക്കോട്ടയിലെത്തി നന്ദിനിക്ക് അന്തിമോപചാരം അര്‍പ്പിച്ചു.1964 മെയ് 9ന് നിലമ്പൂരിലെ പി നാരായണന്‍ നായര്‍ എന്ന ഭക്തനാണ് ഗുരുവായൂരപ്പന് മുന്നില്‍ നന്ദിനിയെ നടയിരുത്തിയത്.നാലാം വയസ്സിലാണ് നാടന്‍ ആനയായ നന്ദിനിയെ നടയ്ക്കിരുത്തിയത്. 1975 ജൂണ്‍ 25ന് പുന്നത്തൂര്‍ കോട്ടയിലേക്ക് ഗുരുവായൂര്‍ ആനത്താവളം മാറ്റുമ്പോള്‍ ഗുരുവായൂര്‍ കേശവനൊപ്പം കോട്ടയിലേക്ക് പ്രവേശിച്ച ആനകളില്‍ കുഞ്ഞു നന്ദിനിയും ഉള്‍പ്പെടും.ഗുരുവായൂര്‍ ക്ഷേത്രത്തിലെ പള്ളിവേട്ട, ആറാട്ട് ചടങ്ങുകളില്‍ തിടമ്പേറ്റി നന്ദിനി ശ്രദ്ധേയ സാന്നിധ്യമായി. ഇരുപത് വര്‍ഷത്തിലധികമായി ഈ’ ചടങ്ങുകളില്‍ നന്ദിനി പങ്കെടുത്തു.ക്ഷേത്രത്തില്‍ ഭക്തരുടെ തിരക്ക് കാരണം ഓടാന്‍ പോലും സ്ഥലമുണ്ടാകില്ലെങ്കിലും ആ തിരക്കിനിടയിലൂടെയും സൂക്ഷിച്ചു ഓടി ഭക്തരുടെ സ്‌നേഹവും നന്ദിനിക്ക് ലഭിച്ചിട്ടുണ്ട്. നന്ദിനിക്ക് ഉത്സവ ചടങ്ങുകള്‍ ശീലമാണ്. ഓട്ടത്തിനിടയില്‍ നില്‍ക്കേണ്ട സമയത്തും സ്ഥാനത്തും നില്‍ക്കാനും നന്ദിനിക്ക് അറിയാമായിരുന്നുവെന്നും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അനുസ്മരിച്ചു.പ്രായാധിക്യവും അനുബന്ധ ആരോഗ്യപ്രശ്‌നങ്ങളെയും തുടര്‍ന്ന് നന്ദിനി ചികിത്സയിലായതിനാല്‍ ഇത്തവണ ഗുരുവായൂര്‍ ദേവിയാണ് പള്ളിവേട്ട ചടങ്ങുകള്‍ക്ക് ഓടിയത്. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നു പ്രത്യേകം സജ്ജീകരിച്ച കെട്ടുംതറയില്‍ ആയിരുന്നു നന്ദിനിയുടെ വിശ്രമം.

Leave a Reply

Your email address will not be published. Required fields are marked *