ലഹരി കടത്താൻ വിസമ്മതിച്ച ഓട്ടോ ഡ്രൈവറെ മർദിച്ച കേസ്; ഒരാൾ കൂടി അറസ്റ്റിൽ

പാലക്കാട് : ഓട്ടോയിൽ ലഹരി കടത്താൻ വിസമ്മതിച്ച ഡ്രൈവറെ ക്രൂരമായി മർദിച്ചു കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. കുപ്പിയോട് സ്വദേശി മണികണ്ഠനെ (32) കസബ പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് ഒന്നിനാണു കേസിനാസ്പദമായ സംഭവം. ജില്ലാ ആശുപത്രി പരിസരത്തു നിന്നു രോഗിയെ കയറ്റാനെന്ന വ്യാജേന കൂട്ടുപാതയിലേക്ക് ഓട്ടോ വിളിച്ച പ്രതികൾ കുപ്പിയോടെത്തിയപ്പോൾ കഞ്ചാവുമായി തിരികെ ടൗൺ സ്റ്റാൻഡിൽ ഇറക്കണം എന്ന് ആവശ്യപ്പെട്ടു.ഇത് എതിർത്ത ഓട്ടോഡ്രൈവറെ ആളൊഴിഞ്ഞ സ്ഥലത്തു വച്ച് സംഘം ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു.കയ്യിലുണ്ടായിരുന്ന 2500 രൂപയും കവർന്നു.വടവന്നൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർ അബ്ബാസിനാണ് മർദനമേറ്റത്. ഇയാളുടെ കണ്ണിന്റെ താഴെയുള്ള എല്ലിനടക്കം ഗുരുതരമായി പരുക്കേറ്റു. പ്രതികളായ സ്മിഗേഷ്, അനീഷ്, ജിതിൻ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്തു. കസബ പൊലീസ് ഇൻസ്പെക്ടർ എം.സുജിത്ത്, എസ്ഐമാരായ വിപിൻ രാജ്, വി.ഉദയകുമാർ, എ.ജതി, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ആർ.രാജീദ്, സി.സുനിൽ, സി.മുകേഷ് എന്നിവരാണ് കേസന്വേഷണം നടത്തുന്നത്.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി