ഓർമ്മയിൽ ജി.ദേവരാജൻ മാഷ്

30 പതിറ്റാണ്ടോളം മലയാള നാടക സിനിമാ ഗാനങ്ങൾക്ക് സംഗീതം പകർന്നും അപൂർവങ്ങളായി ഗാനങ്ങൾ ആലപിച്ചും കൈരളിയുടെ സംഗീത ഭൂമികയെ നിത്യഹരിതമാക്കിയ ഈണങ്ങളുടെ ഋതുരാജൻ പരവൂർ G.ദേവരാജൻ മാഷിന്റെ 19 ആം വിയോഗ വർഷം ഇന്ന്.
എത്രകേട്ടാലും, പാടിയാലും മതിവരാത്ത ഒരുപാട് അനശ്വര ഗാനങ്ങൾക്ക് ഇമ്പമാർന്ന ഈണങ്ങളാൽ ഇന്ദ്രജാലം തീർത്ത സംഗീത കുലപതിയായിരുന്നു അദ്ദേഹം. 1927 സെപ്റ്റംബർ 27 ന് കൊല്ലം ജില്ലയിലെ പരവൂരിൽ ജനനം. മലയാളത്തിൽ മാത്രം 1800 ഓളം ഗാനങ്ങൾ ചിട്ടപ്പെടുത്തി. 20 തമിഴ് ചിത്രങ്ങൾക്കും 4 കന്നഡ ചിത്രങ്ങൾക്കും പുറമേ ഒട്ടേറെ നാടക ഗാനങ്ങൾക്കും മാഷ് ഈണം പകർന്നു. വയലാറുമൊത്തു 135 സിനിമകൾക്കായി 1400 ലധികം ഗാനങ്ങൾക്ക് സംഗീതം പകർന്ന് റെക്കോർഡ് സൃഷ്ടിച്ചു. P.ഭാസ്കരൻ, ONV, ശ്രീകുമാരൻതമ്പി, യൂസഫലി കേച്ചേരി തുടങ്ങിയ പ്രഗത്ഭരുടേയെല്ലാം പാട്ടുകൾ മാഷ് ചിട്ടപ്പെടുത്തി. മാധുരി എന്ന ഗായികയെ മലയാളത്തിന് സംഭാവന ചെയ്തത് മാഷായിരുന്നു. വിട്ടുവീഴ്ച ഇല്ലായ്മയും കർക്കശ സ്വഭാവവും പരുഷമായ സംസാരവും അദ്ദേഹത്തെ വ്യത്യസ്തനാക്കി. അതുകൊണ്ട് തന്നെ ONV, ശ്രീകുമാരൻതമ്പി, മാധുരി തുടങ്ങിയ സഹപ്രവർത്തകരുമായി വർഷങ്ങളോളം ഇണങ്ങിയും പിണങ്ങിയും കഴിയേണ്ടിവന്നു.
1961ൽ കാളിദാസ കലാകേന്ദ്രത്തിലും തുടർന്ന് KPAC യിലും പ്രവർത്തിച്ചു. 1965 ൽ ‘കാലംമാറുന്നു’ എന്ന സിനിമക്കുവേണ്ടിയാണ് ആദ്യമായി സംഗീതം നിർവഹിച്ചത്. ചതുരംഗം, ഭാര്യ എന്നീ ചിത്രത്തിൽ വയലാറിന്റെ ഗാനങ്ങൾക്ക് ഈണം നൽകിയതോടെ മാഷ് ഏറെ ശ്രദ്ധേയനായി. നാടക ഗാനങ്ങൾ ഈണമിട്ടിരുന്ന മാഷിന്റെ മുന്നിൽ ഒരു ഹാർമോണിസ്റ്റ് പോസ്റ്റിൽ അവസരം ചോദിച്ചു വന്ന സാക്ഷാൽ MK അർജുനനോട് “അർജുനനായാലും കൊള്ളാം ഭീമനായാലും കൊള്ളാം ജോലിയിൽ ഉഴപ്പിയാൽ ഞാൻ പറഞ്ഞു വിടും” എന്ന് പറയാനുള്ള ആർജ്ജവം അദ്ദേഹം കാണിച്ചു. ഏറ്റവും നല്ല സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം 5 തവണ മാഷെ തേടിയെത്തി. JC ഡാനിയേൽ അവാർഡ്, പ്രേംനസീർ അവാർഡ്, ഫിലിം ഫാൻസ് അവാർഡ് എന്നിവയും മാഷിന്റെ സംഗീതോപാസനക്കുള്ള അംഗീകാര പത്രമായി. തന്റെ മകൾ ശർമിളയെ വയലാർ ശരത്ചന്ദ്ര വർമ്മയെ കൊണ്ട് കല്യാണം കഴിപ്പിക്കണം എന്ന മോഹം മാഷിനുണ്ടായിരുന്നെന്നെങ്കിലും കാലത്തിന്റെ പുസ്തകത്താളിൽ അത് പതിയാതെ പോയി. മലയാളി മരിച്ചാലും മരിക്കാത്ത ഒരുപിടി നല്ല ഗാനങ്ങൾക്ക് ദേവരാഗം പകർന്ന ആ അതുല്യ സംഗീതജ്ഞൻ കടുത്ത പ്രമേഹ രോഗത്താൽ 2006 മാർച്ച് 14ന് 79 ആം വയസ്സിൽ അരങ്ങൊഴിഞ്ഞു.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി