ആസ്ബെസ്റ്റോസ് ഷീറ്റിട്ട മേൽക്കൂര : കൊടുംചൂടിൽ വെന്തുരുകി പാലക്കാട്ടെ ഐടിഐ വിദ്യാർഥികൾ

പാലക്കാട്: “രാവിലെ 7.50-നാണ് ക്ലാസ് തുടങ്ങുന്നത്. അഞ്ചുമണിക്കൂർ വർക്‌ഷോപ്പിൽ തൊഴിൽപരിശീലനമാണ്, വിയർത്തൊലിക്കും. തലയൊക്കെ ചുട്ടുപഴുക്കും. പെൺകുട്ടികൾ ഓവർക്കോട്ടടക്കം മൂന്നുവസ്ത്രം ധരിക്കണം. മൂത്രാശയ അണുബാധ വരുന്നത് എല്ലാവരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്”- ഐടിഐ വിദ്യാർഥികളുടെ പരാതികൾ അവസാനിക്കുന്നില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിൽ, ചൂടിൽനിന്ന് രക്ഷപ്പെടാൻ ആരോഗ്യവകുപ്പ് നിർദേശം നൽകുമ്പോഴും കാംപസിലെ കെട്ടിടത്തിനകത്ത് വെന്തുരുകുകയാണിവർ.ആസ്ബെസ്റ്റോസ് ഷീറ്റിട്ട കെട്ടിടത്തിൽ തൊഴിൽപരിശീലനം നേടാൻ മണിക്കൂറുകൾ ചെലവഴിക്കേണ്ടി വരുന്നതാണ് വിദ്യാർഥികളെ വലയ്ക്കുന്നത്. 6,000 ചതുരശ്രയടി വിസ്തൃതിയുള്ള മൂന്നുകെട്ടിടങ്ങളാണ് തൊഴിൽപരിശീലനത്തിനായി മലമ്പുഴ കാംപസിലുള്ളത്. ഇതെല്ലാം ആസ്ബെസ്റ്റോസ് ഷീറ്റിട്ടതാണ്. 1,300 വിദ്യാർഥികൾ ഇവിടെ മാത്രം പഠിക്കുന്നുണ്ട്. രണ്ടാംവർഷ വിദ്യാർഥികൾക്ക് രാവിലെ തുടങ്ങി ഉച്ചവരെയാണ് പരിശീലനം. ഒന്നാംവർഷ വിദ്യാർഥികൾക്ക് 12.30-ന് തുടങ്ങി വൈകീട്ട് അഞ്ചുവരെയും. അറുപത് വർഷത്തിലേറെയായി മേൽക്കൂരയിലെ ഷീറ്റ് മാറ്റിയിട്ടില്ല. ചോർച്ച തുടങ്ങിയതോടെ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടപ്പോൾ ഷീറ്റ് മാറ്റി സ്ഥാപിക്കാൻ ഒന്നരക്കോടിരൂപയുടെ പദ്ധതി തയ്യാറാക്കി വ്യവസായവകുപ്പിലേക്ക് നൽകി. മാസങ്ങൾ പിന്നിടുമ്പോഴും നടപടിയായിട്ടില്ല. മലമ്പുഴ, പെരുമാട്ടി, കൊഴിഞ്ഞാമ്പാറ, നെന്മാറ, എലൻപുലാശ്ശേരി എന്നിവിടങ്ങളിലാണ് സർക്കാരിന്റെ സബ് ഐടിഐ കളുള്ളത്. ഇവിടെയും 300 മുതൽ 600 വരെ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. പലതും വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലും മേൽക്കൂരയിൽ ഷീറ്റുതന്നെയാണ്. ചൂട് അസഹനീയമാണെന്ന് വിദ്യാർഥികൾ പറയുന്നു. പെട്ടെന്ന് ചൂടുപിടിക്കുന്ന വസ്തുക്കൾ, തീപിടിക്കുന്ന വസ്തുക്കൾ എന്നിവ സ്കൂളുകളുടെ മേൽക്കൂരയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് കേരള വിദ്യാഭ്യാസചട്ടത്തിൽ പറയുന്നത്. ഇതനുസരിച്ച് സംസ്ഥാനത്തെ സ്കൂളുകൾക്ക് ആസ്‌ബെസ്റ്റോസ് ഷീറ്റ് മേൽക്കൂര നിരോധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത് 2019-ലാണ്. എന്നാൽ, വ്യവസായവകുപ്പിനുകീഴിലുള്ള ഐടിഐ കളിലെ കെട്ടിടങ്ങൾ മാറ്റമില്ലാതെ തുടരുന്നു. ജില്ലയ്ക്കുപുറത്ത് ചിലയിടങ്ങളിൽ ചൂടുകുറയ്ക്കാൻ സീലിങ് ചെയ്തതുൾപ്പെടെയുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ചിലയിടത്ത് കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറി. ജില്ലയിലെ ഐടിഐ കൾ ഇപ്പോഴും പഴയനില തുടരുകയാണ്.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി