കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ വൻ കഞ്ചാവ് വേട്ട.

കൊച്ചി: കൊച്ചിയില്‍ കോളേജ് ഹോസ്റ്റലില്‍ നിന്നും വന്‍ കഞ്ചാവ് വേട്ട. ഒമ്പത് കിലോയിലേറെ കഞ്ചാവ് പിടികൂടിയതായും മൂന്ന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തതായിട്ടുമാണ് വിവരം. കളമശ്ശേരി പോളിടെക്‌നിക്കിലെ മെന്‍സ് ഹോസ്റ്റലില്‍ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്. അപ്രതീക്ഷിതമായി വിവരം കിട്ടിയതിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ആകാശ് എന്ന വിദ്യാര്‍ത്ഥിയുടെ മുറിയില്‍ നിന്നും 1.9 കിലോ കഞ്ചാവാണ് പോലീസ് കണ്ടെത്തിയത്. കൊച്ചി നാര്‍ക്കോട്ടിക് സെല്ലാണ് പരിശോധന നടത്തിയത്. പോലീസ് എത്തുന്നത് കണ്ട് വിദ്യാര്‍ത്ഥികള്‍ ഇറങ്ങിയോടി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. കഞ്ചാവ് സൂക്ഷിച്ചത് വില്‍പ്പനയ്ക്ക് തന്നെയെന്നാണ് വിവരം. അളന്ന് തൂക്കുന്നതിനിടയിലായിരുന്നു വിദ്യാര്‍ത്ഥികള്‍ പോലീസ് പിടിയിലായത്.
തെരച്ചില്‍ ഏഴു മണിക്കൂര്‍ നീണ്ടു നിന്നു. രാത്രി ഒമ്പത് മണിക്ക് തുടങ്ങിയ പരിശോധന അവസാനിച്ചത് പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു. പോലീസിനെ പോലും ഞെട്ടിച്ചായിരുന്നു കഞ്ചാവ് വില്‍പ്പന. കഞ്ചാവ് എത്തിച്ചയാളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. ഇത്രയധികം കഞ്ചാവ് ഹോസ്റ്റലില്‍ ഉണ്ടാകുമെന്ന് അറിയില്ലായിരുന്നു എന്നാണ് കൊച്ചി നാര്‍ക്കോട്ടിക് സെല്‍ എസിപിയുടെ പ്രതികരണം.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി