ആലത്തൂർ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബൈപ്പാസ് നിർമാണം പുരോഗമിക്കുന്നു

ആലത്തൂർ : നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന ബൈപ്പാസ് നിർമാണം പുരോഗമിക്കുന്നു. ദേശീയപാതയിൽനിന്ന് ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്കും ആലത്തൂർ-വാഴക്കോട് സംസ്ഥാന പാതയിലേക്കും നേരിട്ടെത്തുന്നതിന് ബൈപ്പാസ് സഹായകമാവും. ആദ്യഘട്ടത്തിൽ 15 കോടി രൂപ ചെലവിൽ താലൂക്ക് ആശുപത്രി വഴി പഴയ പോസ്‌റ്റോഫീസ് പാതയുടെ പിൻഭാഗം വരെയുള്ള ഭാഗം പൂർത്തിയാക്കും. രണ്ടാംഘട്ടത്തിലാണ് ബൈപ്പാസ് ആലത്തൂർ പൊതുമരാമത്ത് റെസ്റ്റ് ഹൗസിന് പിന്നിലൂടെ വാഴക്കോട് സംസ്ഥാന പാതയിൽ എത്തിച്ചേരുന്ന ഭാഗത്തിന്റെ പണി നടത്തുക. ദേശീയ പാതയിൽ വാനൂർ പാതയിൽനിന്ന് ആലത്തൂരിലേക്ക് പോകുന്ന ഭാഗത്ത് ആയർകുളം തോടിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്ത് മുകളിൽ സ്ലാബിട്ടാണ് ബോക്‌സ് കൾവെർട്ട് രീതിയിൽ ബൈപ്പാസ് നിർമിക്കുക. ദേശീയ പാതയിൽനിന്ന് കോർട്ട് റോഡിലേക്ക് വരുന്ന പാതയിൽ കനാൽപാലം ഭാഗത്തുനിന്നാണ് ബൈപ്പാസ് ആരംഭിക്കുക.സംസ്ഥാന ബജറ്റിൽ 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ആയർകുളം തോടിന്റെ മുകളിലൂടെ പാത പോകുമ്പോൾ അടിയിൽ തടസ്സമില്ലാതെ വെള്ളം ഒഴുകും. രണ്ട് വലിയ വാഹനങ്ങൾക്ക് പോകാനുള്ള വീതിയുണ്ടാകും.തോടിന് മുകളിലൂടെ നിർമിക്കുന്നതിനാൽ ഭൂമി ഏറ്റെടുക്കേണ്ടിവന്നില്ല. ഒന്നാം ഘട്ട നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് രണ്ടാം ഘട്ടവും ആരംഭിക്കും.
റിപ്പോർട്ട് Hr. സലിം, കാവശ്ശേരി