ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി :ഭർത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു

കുഴൽമന്ദം ∙ അറുപതു വയസ്സുകാരൻ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കത്തികൊണ്ട് ദേഹത്തുകുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച പ്രതി സാരമായ പരുക്കുകളോടെ ചികിത്സയിൽ. തോലനൂർ തോട്ടക്കര പനയമ്പാടം വീട്ടിൽ ചന്ദ്രികയാണ് (52) കൊല്ലപ്പെട്ടത്. ഭർത്താവ് രാജൻ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാവിലെ അഞ്ചോടെ കിണാശ്ശേരി ഉപ്പുംപാടത്തെ വാടകവീട്ടിലാണു സംഭവം. ചന്ദ്രികയുടെ നിലവിളികേട്ട് വീടിന്റെ വീടിന്റെ ഒന്നാംനിലയിൽ ഉണ്ടായിരുന്ന മകൾ വിനിത താഴേക്കു വന്നപ്പോൾ അച്ഛനും അമ്മയും ചോരയിൽ കുളിച്ച നിലയിൽ ആയിരുന്നു.ഉടൻ പ്രദേശവാസികളെയും ബന്ധുക്കളെയും അറിയിച്ചു. ആംബുലൻസിൽ ഇരുവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചന്ദ്രികയെ രക്ഷിക്കാനായില്ല. ഒരുവർഷം മുൻപ് തോലനൂർ പനയമ്പാടത്തുള്ള വീട് പൂട്ടിയിട്ട് മൂത്തമകളുടെ ഭർത്താവിന്റെ വീടായ പെരിങ്ങോട്ടുകുറിശ്ശി ആയക്കുറിശ്ശിയിലേക്കു താമസം മാറ്റിയിരുന്നു. ഇവിടെ നിന്ന് രണ്ടാഴ്ച മുൻപാണ് ഉപ്പുംപാടത്തെ വാടകവീട്ടിലേക്കു മാറിയത്.ഒരുവർഷം മുൻപ് രാജൻ ചന്ദ്രികയെ ചുറ്റികകൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. സാരമായി പരുക്കേറ്റ ചന്ദ്രിക ആഴ്ചകളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രതി രോഗി ആണെന്നു പൊലീസ് പറഞ്ഞു. പാലക്കാട് സൗത്ത് പൊലീസ് രാജനെതിരെ കേസെടുത്തിട്ടുണ്ട്. സംഭവസ്ഥലം ഉന്നത പോലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം ചന്ദ്രികയുടെ മൃതദേഹം ബന്ധുക്കൾക്കു കൈമാറി. മക്കൾ: വിദ്യ, വിനിത. മരുമകൻ: മനീഷ്.