March 23, 2026

തൊഴിൽ- നൈപുണി വിദ്യാഭ്യാസ മേഖലയിലെ പോരായ്മകൾ പരിഹരിക്കും: മന്ത്രി വി. ശിവൻകുട്ടി

  • February 1, 2025
  • 1 min read
തൊഴിൽ- നൈപുണി വിദ്യാഭ്യാസ മേഖലയിലെ പോരായ്മകൾ പരിഹരിക്കും: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിൽ നൈപുണി വിദ്യാഭ്യാസ മേഖലയിൽ നിലവിൽ അനുഭവിക്കുന്ന സ്ഥിരം അധ്യാപകരുടെ എണ്ണക്കുറവ് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ സംസ്ഥാന സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അവ പരിഹരിക്കാൻ വേണ്ട നടപടിക്രമങ്ങൾ ഉണ്ടാവുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വൊക്കേഷണൽ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് പാണക്കാട് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ മേഖലയിലെ പരീക്ഷാ നടത്തിപ്പിലും തൊഴിൽ പരിശീലന പരിപാടികളിലും പരിഹരിക്കേണ്ട പ്രശ്നങ്ങൾ സർക്കാരിൻറെ ശ്രദ്ധയിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി. എച്ച്. എസ്. ഇ. ഡയറക്ടറേറ്റിൽ നിന്നും ഉപഡയറക്ടർമാർ, പ്രിൻസിപ്പൽമാർ ഉൾപ്പെടെ ഈ വർഷം സർവീസിൽ വിരമിക്കുന്നവർക്കുള്ള ഉപഹാരവും അദ്ദേഹം വിതരണം ചെയ്തു. അന്തരിച്ച സാഹിത്യകാരൻ എം. ടി വാസുദേവൻ നായരോടുള്ള ആദരവായി ചടങ്ങിൽ എത്തിയവർക്കെല്ലാം പൂച്ചെണ്ടുകൾക്ക് പകരം എം. ടി. രചിച്ച പുസ്തകങ്ങളാണ് സമ്മാനമായി നൽകിയത്. വൊക്കേഷണൽ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ബി.ടി ഷൈജിത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ സംസ്ഥാന പ്രസിഡൻറ് സന്തോഷ് ബേബി അധ്യക്ഷനായിരുന്നു. നേരത്തെ സമ്മേളനത്തോടനുബന്ധിച്ച് തൊഴിൽ നൈപുണി പഠനം – ഉപരിപഠന തൊഴിൽ സാധ്യതകൾ എന്ന വിഷയത്തിൽ വിദ്യാഭ്യാസ സെമിനാർ നടന്നു. ശ്രീ വി . ലവകുമാർ നയിച്ച സെമിനാറിൽ സഞ്ജീവ് കുമാർ പി. അധ്യക്ഷനും ജി. ആർ. അഭിലാഷ് മോഡറേറ്ററും ആയിരുന്നു. വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ വിഷയത്തിൽ സംസാരിച്ചു. വൊക്കേഷണൽ അധ്യാപകർ വയനാട് വെള്ളാർമല വിദ്യാലയത്തിലെ ദുരിതമനുഭവിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ സ്വരൂപിച്ച തുക പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിതരണം ചെയ്തു. ഈ വർഷം വിരമിക്കുന്ന വൊക്കേഷണൽ അധ്യാപകരെ ഉൾപ്പെടുത്തി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ യാത്രയയപ്പ് യോഗം തിരുവനന്തപുരം കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ പി കെ രാജു ഉദ്ഘാടനം ചെയ്തു. 45 ഓളം അധ്യാപകർക്കുള്ള ഉപഹാരങ്ങളും അദ്ദേഹം വിതരണം ചെയ്തു. ചടങ്ങിൽ വൊക്കേഷണൽ ടീച്ചേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീമതി. പ്രിയദർശിനി നന്ദി രേഖപ്പെടുത്തി.

റിപ്പോർട്ട്‌ അഷറഫ്

Leave a Reply

Your email address will not be published. Required fields are marked *