November 22, 2024

കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന്റെ മറുപടിപ്രസംഗം പുറത്ത്

  • November 3, 2024
  • 0 min read
കണ്ണൂർ എഡിഎം കെ.നവീൻ ബാബുവിന്റെ മറുപടിപ്രസംഗം പുറത്ത്

തിരക്കിനിടയിലും ഒന്നിലേറെത്തവണ സ്ഥലം സന്ദർശിച്ചിരുന്നെന്നും മനഃപൂർവം ഫയൽ വൈകിച്ചിട്ടില്ലെന്നുമാണ് എഡിഎം പറഞ്ഞത്

റിപ്പോർട്ട്‌ ജലജ ജയേഷ്

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ കലക്ടറേറ്റിലെ യാത്രയയപ്പു ചടങ്ങിൽ തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾക്ക് കണ്ണൂർ എഡിഎം കെ.നവീൻ ബാബു ആ ചടങ്ങിൽ വച്ചുതന്നെ പ്രസംഗത്തിൽ മറുപടി നൽകിയെന്നു വിവരം. പെട്രോൾ പമ്പിന്റെ പരിശോധനയ്ക്കായി തിരഞ്ഞെടുപ്പുകാല തിരക്കിനിടയിലും ഒന്നിലേറെത്തവണ സ്ഥലം സന്ദർശിച്ചിരുന്നെന്നും മനഃപൂർവം ഫയൽ വൈകിച്ചിട്ടില്ലെന്നുമാണ് എഡിഎം പറഞ്ഞത്. കാസർകോട്ടുനിന്നു പത്തനംതിട്ടയിലേക്കു നേരിട്ടു സ്ഥലംമാറ്റം ലഭിക്കണമെന്നാണ് ആഗ്രഹിച്ചിരുന്നത്. തിരഞ്ഞെടുപ്പുകാലത്ത് കണ്ണൂരിൽ ജോലി ചെയ്യാൻ ആരും തയാറാകാതിരുന്നതിനാലാണ് താൻ നിയോഗിക്കപ്പെട്ടതെന്നും പറഞ്ഞിരുന്നു.
ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണർ എ.ഗീത സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ചില ജീവനക്കാർ നൽകിയ മൊഴികളിലാണ് എഡിഎമ്മിന്റെ പ്രസംഗം പരാമർശിക്കുന്നത്. യാത്രയയപ്പു ചടങ്ങിന്റെ വിഡിയോ പ്രാദേശിക ടിവി ചാനലിനു പുറമേ ചില ജീവനക്കാർ മൊബൈൽ ഫോണിലും പകർത്തിയിരുന്നു. ഈ വിഡിയോ ദൃശ്യങ്ങളും ജോയിന്റ് കമ്മിഷണർ ശേഖരിച്ചിട്ടുണ്ട്. ചടങ്ങിനു ശേഷമാണ് എഡിഎമ്മും കലക്ടറും തമ്മിൽ കലക്ടറുടെ ചേംബറിൽ കൂടിക്കാഴ്ച നടത്തിയത്. ‘എനിക്കു തെറ്റുപറ്റി’ എന്നു നവീൻ ബാബു പറഞ്ഞതായി കലക്ടർ പൊലീസിനും ജോയിന്റ് കമ്മിഷണർക്കും മൊഴി നൽകിയത് ഏറെ വിവാദമുയർത്തിയിരുന്നു.
പെട്രോൾ പമ്പുമായി ബന്ധപ്പെട്ട ഫയൽനീക്കങ്ങളിൽ എഡിഎമ്മിനു ക്ലീൻ ചിറ്റ് നൽകിയുള്ള റിപ്പോർട്ടാണ് ജോയിന്റ് കമ്മിഷണർ സമർപ്പിച്ചത്. കൈക്കൂലി ആരോപണങ്ങൾക്കും തെളിവില്ലെന്നാണ് റിപ്പോർട്ടിലുള്ളത്. റവന്യു പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് സെക്രട്ടറി, റവന്യു മന്ത്രി എന്നിവർ അംഗീകരിച്ച റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *