കൃഷ്ണപുരം കൊട്ടാരം സംരക്ഷണ-പരിസരവികസന പ്രവൃത്തികൾ ഇന്ന്മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും
യു പ്രതിഭ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.സി വേണുഗോപാൽ എം.പി മുഖ്യാതിഥിയായിരിക്കും.
റിപ്പോർട്ട് ജലജ ജയേഷ്
കൃഷ്ണപുരം കൊട്ടാരം സംരക്ഷണ-പരിസരവികസന പ്രവൃത്തികൾ ഇന്ന് (ഒക്ടോബർ 30 ന്) ഉച്ചകഴിഞ്ഞ് 2.30 ന് രജിസ്ട്രേഷൻ, പുരാവസ്തു, പുരാരേഖാ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. യു പ്രതിഭ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെ.സി വേണുഗോപാൽ എം.പി മുഖ്യാതിഥിയായിരിക്കും. പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻ സ്വാഗതം പറയുന്ന ചടങ്ങിൽ കായംകുളം നഗരസഭ ചെയർപേഴ്സൺ പി. ശശികല വിശിഷ്ടാതിഥിയാകും. ചടങ്ങിൽ കായംകുളം നഗരസഭ വൈസ് ചെയർമാൻ ജെ. ആദർശ്, കായംകുളം നഗരസഭ കൗൺസിലർ ബിനു അശോക്, പി. അരവിന്ദാക്ഷൻ, അഡ്വ. ഇ. സമീർ, എ.എസ്. സുനിൽകുമാർ, ഐ. ഷിഹാബുദീൻ, കൃഷ്ണകുമാർ രാംദാസ്, അഡ്വ. ജോസഫ് ജോൺ, ഇർഷാദ്, ലിക്കായത്ത് പറമ്പി, സക്കീർ മല്ലഞ്ചേരി, മോഹനൻ, എൻ. സത്യൻ എന്നിവർ ആശംസകൾ അറിയിക്കുകയും കൃഷ്ണപുരം കൊട്ടാരം മ്യൂസിയം ചാർജ് ഓഫീസർ നന്ദിയും പ്രകാശിപ്പിക്കും.
മാർത്താണ്ഡവർമ്മയുടെ കാലം മുതൽ തിരുവിതാംകൂറിന്റെ ഭാഗമായിതീർന്ന കായംകുളത്തിന്റെ തലയെടുപ്പുള്ള വാസ്തു വിസ്മയമാണ് കൃഷ്ണപുരം കൊട്ടാരം. രാമയ്യൻ ദളവയുടെ കാലത്ത് പണികഴിപ്പിക്കുകയും അയ്യപ്പൻ മാർത്താണ്ഡപിള്ളയുടെ കാലത്ത് പുതുക്കിപ്പണിയുകയും ചെയ്ത കൃഷ്ണപുരം കൊട്ടാരം നാലു നടുമുറ്റങ്ങളും പടിപ്പുരയോടുകൂടിയ ചുറ്റുമതിലും ഉൾപ്പെട്ട, കേരളീയ വാസ്തു ശൈലിയിൽ നിർമ്മിതമായ പതിനാറുകെട്ടാണ്. ഗജേന്ദ്രമോക്ഷം എന്ന പ്രസിദ്ധമായ ചുവർചിത്രം ഈ കൊട്ടാരകെട്ടിലാണ് ആലേഖനം ചെയ്തിട്ടുള്ളത്. ചരിത്രപരവും നിർമ്മിതിപരവുമായ സവിശേഷതകൾ കണക്കിലെടുത്ത് 1959-ൽ പുരാവസ്തു വകുപ്പ് കൃഷ്ണപുരം കൊട്ടാരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. തുടർന്ന് കൊട്ടാരത്തിൽ പുരാവസ്തു മ്യൂസിയം സജ്ജീകരിക്കുകയുണ്ടായി.
നിലവിൽ ധാരാളം സന്ദർശകരെ ആകർഷിക്കുന്ന വിനോദസഞ്ചാരകേന്ദ്രമായി കൃഷ്ണപുരം കൊട്ടാരം മാറിയിരിക്കുന്നു. കേരള സർക്കാറിന്റെ നാലാം നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി കൃഷ്ണപുരം കൊട്ടാരത്തിന്റെ സംരക്ഷണ പരിസരവികസന പ്രവൃത്തികൾ പുരാവസ്തു വകുപ്പ് നടപ്പാക്കുകയാണ്.