റോഡിലേക്ക് സ്വകാര്യവ്യക്തിയുടെ പറമ്പിലെ പുല്ല് വളർന്നുനിൽക്കുന്നത് യാത്രക്കാർക്ക് ഭീഷണി
ചാരുംമൂട് : ചാരുംമൂട് – കുറത്തികാട് റോഡിൽ ചുനക്കര കോട്ടമുക്കിന് പടിഞ്ഞാറ് കൊടുംവളവിൽ റോഡിലേക്ക് സ്വകാര്യവ്യക്തിയുടെ പറമ്പിലെ പുല്ല് വളർന്നുനിൽക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. കോട്ടമുക്ക് ജംഗ്ഷനിൽ നിന്ന് 200 മീറ്റർ പടിഞ്ഞാറ് ഭാഗത്താണ് റോഡിലെ വളവ്. ഇതിനരികിലെ പുരയിടത്തിലാണ് സ്വകാര്യവ്യക്തി പുൽകൃഷി നടത്തുന്നത്.
ഒരാൾ പൊക്കത്തിലുള്ള പുല്ലുകളാണ് ഇവിടെ നിന്ന് വളർന്ന് റോഡിലേക്ക് ഇറങ്ങിയിട്ടുള്ളത്. അതോടൊപ്പം വട്ട പോലുള്ള പാഴ്മരങ്ങളും റോഡരികിൽ വളർന്നു നിൽക്കുന്നതും കാഴ്ച മറയ്ക്കുന്നു.
നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ഈ റോഡിൽ അപകട ഭീഷണിയുള്ള ഭാഗത്ത് കൂടിയാണ്, കോട്ടമുക്ക് എൻ.എസ്.എസ് യു.പി സ്കൂൾ, ചുനക്കര ഗവ.ഹൈസ്കൂൾ , ചെറുപുഷ്പം ബഥനി ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവിടങ്ങളിലെ നൂറുകണക്കിന് വിദ്യാർത്ഥികൾ നിത്യേന നടന്നും സൈക്കിളിലുമായി യാത്ര ചെയ്യുന്നത്.
ഹോൺ മുഴക്കിയില്ലെങ്കിൽ അപകടം ഉറപ്പ്
വളവിന്റെ അടുത്തെത്തുമ്പോൾ മാത്രമേ എതിരെ വരുന്ന വാഹനങ്ങൾ കാണുകയുള്ളൂ
വാഹനങ്ങൾ ഹോൺ മുഴക്കാതെ വന്നാൽ വളവിൽ അപകടം ഉറപ്പാണ്
കുറത്തികാട് പൊലീസ് സ്റ്റേഷൻ ഭാഗത്ത് കനാൽ പുറമ്പോക്കിനോട് ചേർന്നുള്ള പുൽക്കാടും കാഴ്ച മറയ്ക്കുന്നുണ്ട്
യാത്രക്കാരുടെ കാഴ്ച മറച്ചു കൊണ്ട് റോഡിലേക്ക് ഇറങ്ങി കിടക്കുന്ന പുൽക്കാട് അടിയന്തരമായി വൃത്തിയാക്കണം. വളവിന് നിൽക്കുന്ന പാഴ് മരങ്ങളും വെട്ടിമാറ്റണം
- റിപ്പോർട്ട് അനീഷ് ചുനക്കര ,പൊതുപ്രവർത്തകൻ