കുടുംബശ്രീയിലെ മുഴുവൻ കരാർ ജീവനക്കാരെയും പിരിച്ചുവിടാൻ നീക്കം തുടങ്ങി.
പത്തു വർഷത്തിലേറെയായി കുടുംബശ്രീയിൽ സേവനമനുഷ്ഠിക്കുന്ന മുഴുവൻ കരാർ ജീവനക്കാരെയും പിരിച്ചുവിടാൻ നീക്കം. സംസ്ഥാന-ജില്ലാ മിഷനുകളിലായി ജോലി ചെയ്യുന്ന 2624 പേരുടെ കരാർ കാലാവധി പുതുക്കാനുള്ള നടപടികൾ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ തടഞ്ഞു. പുതിയ സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ, ജൂൺ ഒന്നിനു ശേഷമുള്ള അറിയിപ്പനുസരിച്ച് മാത്രം നിയമനം മതിയെന്നാണ് നിർദ്ദേശം. ഇതിനോടകം ആർക്കെങ്കിലും പുനർനിയമനം നൽകിയിട്ടുണ്ടെങ്കിൽ അത് റദ്ദാക്കാനും ഉത്തരവിട്ടിട്ടുണ്ട്.സാധാരണഗതിയിൽ ഓരോ വർഷവും മാർച്ച് 31-ന് അവസാനിക്കുന്ന കരാർ ഏപ്രിലിൽ പുതുക്കാറാണ് പതിവ്. ഇക്കുറി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ മെയ് 31 വരെ കരാർ നീട്ടിനൽകിയിരുന്നു. പെരുമാറ്റച്ചട്ടം അവസാനിച്ച മെയ് ആറിന് പുനർനിയമന നടപടികൾ തുടങ്ങാൻ ജില്ലാ മിഷനുകൾക്ക് നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി എക്‌സിക്യൂട്ടീവ് ഡയറക്‌ടറുടെ തടസ്സവാദങ്ങൾ വന്നത്. 2011-ലെ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ടവർ ഉൾപ്പെടെയുള്ളവർ ഇതോടെ പുറത്താകും.കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് കുടുംബശ്രീയുടെ ദൈനംദിന പ്രവർത്തനങ്ങളെയും വിവിധ പദ്ധതികളെയും ദോഷകരമായി ബാധിക്കുമെന്ന് ആശങ്കയുണ്ട്. മൈക്രോഫിനാൻസ് ഇടപാടുകൾ, സബ്സിഡി വിതരണം, ധനസഹായം നൽകൽ തുടങ്ങിയവ ഇതോടെ മന്ദഗതിയിലാകും. കേന്ദ്ര സഹായത്തോടെയുള്ള നാഷണൽ അർബൻ ലൈവ്‌ലിഹുഡ് മിഷൻ, എസ്.വി.പി തുടങ്ങിയ പദ്ധതികളുടെ ഏകോപനവും പ്രതിസന്ധിയിലാകും. അട്ടപ്പാടിയിലെയും മറ്റ് പട്ടികവർഗ മേഖലകളിലെയും പ്രത്യേക പ്രോജക്ടുകളെയും ഈ തീരുമാനം ബാധിച്ചേക്കും.പുറത്താവുന്നവർ:ജില്ലാ പ്രോഗ്രാം മാനേജർമാർ (154), ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ (608), സി.ഡി.എസ് അക്കൗണ്ടന്റുമാർ (1070), കമ്മ്യൂണിറ്റി കൗൺസിലർമാർ (535), സിറ്റി മിഷൻ മാനേജർമാർ (45), സോഷ്യൽ ഡെവലപ്‌മെന്റ് സ്പെഷ്യലിസ്റ്റുകൾ (45), ജില്ലാ അക്കൗണ്ടന്റുമാർ (28), എസ്.വി.ഇ.പി ജില്ലാ അക്കൗണ്ടന്റുമാർ (43) എന്നിവരാണ് പിരിച്ചുവിടൽ ഭീഷണി നേരിടുന്നത്.
റിപ്പോർട്ട് അനീഷ് ചുനക്കര




