ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി:അതീവ ജാഗ്രതയിൽ തലസ്ഥാനം:സുരക്ഷ ശക്തമാക്കി പോലീസ്
ന്യുഡൽഹി : ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ടുകൾ പുറത്തുവന്നതിനെത്തുടർന്ന് ദേശീയ തലസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം. ഇൻ്റലിജൻസ് ബ്യൂറോയുടെയും കേന്ദ്ര ഏജൻസികളുടെയും മുന്നറിയിപ്പിനെത്തുടർന്ന് നഗരത്തിലെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി. പ്രധാനപ്പെട്ട സർക്കാർ ഓഫീസുകൾ, തിരക്കേറിയ ചന്തകൾ, രാഷ്ട്രീയ പാർട്ടികളുടെ ആസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ആക്രമണം നടത്താൻ ഭീകരർ പദ്ധതിയിടുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചത്.ചാവേർ ആക്രമണങ്ങൾ, ഐഇഡി സ്ഫോടനങ്ങൾ, ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുക എന്നിവയ്ക്ക് ഭീകരർ മുതിർന്നേക്കാമെന്നാണ് ഇൻ്റലിജൻസ് റിപ്പോർട്ട്. ദീൻ ദയാൽ ഉപാധ്യായ മാർഗിലുള്ള ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ ആസ്ഥാനത്തും സമീപത്തെ സർക്കാർ സ്ഥാപനങ്ങളിലും സായുധ പോലീസിനെ വിന്യസിച്ചു. ഈ ഭാഗങ്ങളിൽ കർശനമായ വാഹന പരിശോധനയും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഡൽഹിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടാലോ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗുകളോ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാലോ ഉടൻ പോലീസിനെ അറിയിക്കാനും നിർദ്ദേശമുണ്ട്




