ഹന്റാവൈറസ് പടരുന്ന കപ്പലിൽ രണ്ട് ഇന്ത്യക്കാരും ; വൈറസ് ബാധയിൽ മരണസംഖ്യ മൂന്നായി
ന്യൂയോർക്ക് : അറ്റ്‌ലാന്റിക് സമുദ്രത്തിൽ നങ്കൂരമിട്ടിരിക്കുന്ന ആഡംബര കപ്പലായ എംവി ഹോണ്ടിയസിൽ പടർന്നുപിടിച്ച മാരകമായ ഹന്റാവൈറസ് ഇന്ന് ലോകത്തെ ആകെ ആശങ്കയിലാഴ്ത്തുകയാണ്. ഹന്റാവൈറസിലെ തന്നെ ഏറ്റവും മാരകമായ ‘ആൻഡീസ്’ വിഭാഗമാണ് പടർന്നുപിടിച്ചത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള ഒരേയൊരു ഹന്റാവൈറസ് വകഭേദമാണിത്. ഏറ്റവും ഒടുവിൽ പുറത്തുവരുന്ന വിവരങ്ങൾ പ്രകാരം ഈ കപ്പലിൽ രണ്ട് ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ട്. ക്രൂയിസ് കപ്പലിലെ രണ്ട് ക്രൂ മെമ്പർമാർ ആണ് ഇന്ത്യക്കാരായി ഉള്ളത്. വിവരം ഇന്ത്യൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.നിലവിൽ ഈ രണ്ട് ഇന്ത്യക്കാർക്കും രോഗലക്ഷണങ്ങളൊന്നുമില്ല. എങ്കിലും അന്താരാഷ്ട്ര ആരോഗ്യ പ്രോട്ടോക്കോൾ അനുസരിച്ച് ഇവരെ പ്രത്യേക നിരീക്ഷണത്തിലാക്കിയിരിക്കുകയാണ് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം എന്നിവയുമായി ചേർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. വേൾഡ് ഹെൽത്ത് ഓർഗനൈസേഷനുമായി നിരന്തരം ബന്ധപ്പെട്ട് ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി




