പണം നൽകാൻ അക്കൗണ്ട് ഉടമ വരണമെന്ന് ബാങ്ക്
ഭുവനേശ്വർ∙ മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിൻവലിക്കാൻ അസ്ഥികൂടം ബാങ്കിൽ ഹാജരാക്കി വയോധികൻ. ഒഡിഷയിലെ ക്യോൻജർ ജില്ലയിലെ പട്ടാനയിലാണ് സംഭവം. ജീതു മുണ്ട എന്ന ആദിവാസി വയോധികനാണ് പണം വിട്ടുകിട്ടാനായി ‘കടുംകൈ’ ചെയ്യേണ്ടി വന്നത്. ജീതുവിന്റെ സഹോദരി കൽറ മുണ്ടയ്ക്ക് പട്ടാനയിലെ മാലിപോസിയിലുള്ള ഗ്രാമീൺ ബാങ്ക് ശാഖയിൽ അക്കൗണ്ടുണ്ടായിരുന്നു. ഈ വർഷം ജനുവരി 26ന് കൽറ മരിച്ചു.ഇതിനുശേഷം കൽറയുടെ അക്കൗണ്ടിലുണ്ടായിരുന്ന 20,000 രൂപ പിൻവലിക്കാൻ ജീതു ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ അക്കൗണ്ട് ഉടമ നേരിട്ടു ഹാജരായാലേ പണം പിൻവലിക്കാനാകൂ എന്ന് ബാങ്ക് അധികൃതർ ജീതുവിനെ അറിയിച്ചു. സഹോദരി മരിച്ചെന്ന് ജീതു പറഞ്ഞിട്ടും അധികൃതർ കേൾക്കാൻ തയാറായില്ല. തുടർന്ന് പലതവണ ജീതു ബാങ്കിലെത്തിയെങ്കിലും അധികൃതർ ഇതേ മറുപടി ആവർത്തിച്ചു. ഒടുവിൽ സഹോദരിയുടെ അസ്ഥികൂടവുമായി ജീതു ബാങ്കിലെത്തുകയായിരുന്നു.




