April 14, 2026

പ്രണവ എൻ.എസ് ഇസ്രോയുടെ യുവിക ക്യാമ്പിലേക്ക്

  • April 14, 2026
  • 1 min read

വാർത്ത കണ്ണൻ പന്താവൂർ 9846452183

ചങ്ങരംകുളം: (മലപ്പുറം)ബഹിരാകാശ ശാസ്ത്ര സാങ്കേതിക വിദ്യയിൽ താൽപര്യമുള്ള വിദ്യാർത്ഥികൾക്കായി ഇന്ത്യൻ സ്പൈസ് റിസർച്ച് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന യുവിക (യുവ വിജ്ഞാൻ പരിപാടി) ക്യാമ്പിലേക്ക് ചങ്ങരംകുളം കോലിക്കരയിലെ ലെസ്സൻ ലെൻസ് ഇൻ്റഗ്രേറ്റഡ് ക്യാമ്പസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ പ്രണവ എൻ എസ് തിരഞ്ഞെടുക്കപ്പെട്ടു.കേരളത്തിൽ നിന്ന് ആകെ 11 വിദ്യാർത്ഥികളെയാണ് ഈ ക്യാമ്പിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്. തിരുവനന്തപുരം വിക്രം സാരാ ബായിയി സ്പേസ് സെൻ്ററിൽ നടക്കുന്ന രണ്ടാഴ്ച നീണ്ടുനിൽക്കുന്ന പരിശീലന ക്യാമ്പിലാണ് പ്രണവ പങ്കെടുക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ബഹിരാകാശ ശാസ്ത്ര രംഗത്തെ അടിസ്ഥാന അറിവുകളും പ്രായോഗിക പരിചയവും നൽകുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം.ഇതോടൊപ്പം, ഇൻ്റർനാഷണൽ ജൂനിയർ സയൻസ് ഒളിമ്പ്യാഡ് 2026-നുള്ള ഓറിയന്റേഷൻ-കം സെലക്ഷൻ ക്യാമ്പിലേക്ക് കേരളത്തിൽ നിന്ന് ഏക വിദ്യാർത്ഥിയായി പ്രണവ തിരഞ്ഞെടുക്കപ്പെട്ടതും ശ്രദ്ധേയമാണ്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നടക്കുന്ന ക്യാമ്പിൽ പ്രണവ പങ്കെടുക്കും.സാഹിത്യരംഗത്തും മികവ് തെളിയിച്ച പ്രണവിന്റെ സയൻസ് ഫിക്ഷൻ കൃതിയായ ശാലോം – എ സാഗ ടൂ എ സെലസ്റ്റ്യൽ ഹോംസ്റ്റഡ് 2025ലെ കേന്ദ്ര സാഹിത്യ യുവ പുരസ്കാരത്തിന് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.കൂടാതെ, ക്യൂൻസ് കോമൺ വെൽത്ത് എസ്സേ മത്സരത്തിൽ തുടർച്ചയായി മൂന്ന് വർഷം മെഡൽ നേടി സിൽവർ അവാർഡും സ്വന്തമാക്കിയിട്ടുണ്ട്. ഗണിതശാസ്ത്രത്തിൽ 2024ലെ അമേരിക്കൻ മാത്തമാറ്റിക്സ് ഒളിമ്പ്യാടിൽ ഗോൾഡ് മെഡലും, റീജിണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡിൽ യോഗ്യതയും നേടിയിട്ടുണ്ട്.എടപ്പാൾ നടുവട്ടത്തെ ഡോക്ടർ ദമ്പതികളായ സുനിലും ദീപ ശർമയുടെയും രണ്ടാമത്തെ കുട്ടിയാണ് പ്രണവ. ലെസ്സൺ ലെൻസ് ഇന്റഗ്രേറ്റഡ് ക്യാമ്പസിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഭാനവ് എൻ.എസ് ആണ് സഹോദരൻ. ഭാനവ് 2024 ൽ യുവിക ക്യാമ്പിൽ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *