ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമേതാണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രമേയുള്ളൂ, നേമം

നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമേതാണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരം മാത്രമേയുള്ളൂ, നേമം. കേരളത്തിന്റെ നിയമസഭ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലാദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്ന മണ്ഡലത്തില്‍ മുന്നണികള്‍ക്കിത് അഭിമാനപോരാട്ടമാണ്. വിദ്യാഭ്യാസ മന്ത്രിയും മുതിര്‍ന്ന നേതാവുമായ വി.ശിവന്‍കുട്ടിയെ വീണ്ടും കളത്തിലിറക്കി മണ്ഡലം നിലനിര്‍ത്താനാണ് എല്‍.ഡി.എഫ് ഒരുങ്ങുന്നത്.സംസ്ഥാന അധ്യക്ഷനെ മത്സരരംഗത്തിറക്കി ശിവന്‍കുട്ടി പൂട്ടിച്ച അക്കൗണ്ട് വീണ്ടും തുറക്കുകയാണ് ബി.ജെ.പി ലക്ഷ്യം. ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി മുന്‍ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മുന്നേറ്റത്തിന് കളമൊരുക്കിയെന്ന വിമര്‍ശനം കേള്‍ക്കേണ്ടി വന്ന കോണ്‍ഗ്രസ് കോര്‍പ്പറേഷന്‍ കൗണ്‍സിലറും യുവനേതാവുമായ കെ.എസ്.ശബരിനാഥനിലൂടെയാണ് മണ്ഡലം പിടിക്കാനുള്ള ശ്രമം നടത്തുന്നത്.
നേമത്തില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്നുവെന്ന് പറയാനാവില്ല. കഴിഞ്ഞ കുറേ തിരഞ്ഞെടുപ്പുകളിലായി മൂന്നാം സ്ഥാനത്താണ് കോണ്‍ഗ്രസ് നേമത്ത് ഫിനിഷ് ചെയ്യാറുള്ളത്. 2011, 2016 തിരഞ്ഞെടുപ്പുകളില്‍ ഘടകകക്ഷികള്‍ക്കാണ് ഇവിടെ കോണ്‍ഗ്രസ് സീറ്റ് നല്‍കിയത്. 2011ല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച എസ്.ജെ.ഡിയുടെചാരുപാറ രവി 20,248 വോട്ടുകളാണ് നേടിയത്. 2016ലെ രാജഗോപാല്‍ വിജയിച്ച തിരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിന്റെ വി.സുരേന്ദ്രന്‍പിള്ളക്ക് 13,860 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍, 2021ല്‍ കോണ്‍ഗ്രസ് പാപഭാരം കഴുകി കളഞ്ഞു ഏറ്റവും കരുത്തനായ കെ.മുരളീധരനെ തന്നെ രംഗത്തിറക്കി അവര്‍ 36,524 വോട്ട് പിടിച്ചു.കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നിയസഭ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേടുന്ന ഏറ്റവും കൂടുതല്‍ വോട്ട് അതാണ്. എന്നാല്‍, ഒ.രാജഗോപാലിന് പകരം കുമ്മനം രാജശേഖരനിറങ്ങിയ തരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞു. 2016ലെ തെരഞ്ഞെടുപ്പില്‍ 67,000 വോട്ട് കുമ്മനമെത്തിയപ്പോള്‍ 51,000മായി കുറഞ്ഞു ഇക്കുറി ശബരിനാഥിനെ കളത്തിലിറക്കുമ്പോഴും നേമം മണ്ഡലത്തില്‍ എളുപ്പത്തില്‍ ജയിച്ച് കയറാനാവുമെന്ന് ഉറച്ച കോണ്‍ഗ്രസുകാര്‍ പോലും വിശ്വസിക്കുന്നുണ്ടാവില്ല. എങ്കിലും ശബരിയിലൂടെ കനത്ത മത്സരം കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസ് പിടിക്കുന്ന വോട്ടുകള്‍ ആര്‍ക്കാണ് തിരിച്ചടിയുണ്ടാക്കുകയെന്നതും പ്രവചനാതീതമാണ്. എന്തായാലും ഇക്കുറിയും നേമം കാണാന്‍ പോകുന്നത് എല്‍.ഡി.എഫ്-ബി.ജെ.പി പോരാട്ടമാണ്.


