April 10, 2026

കൊച്ചി പഴയ കൊച്ചി അല്ല, കൊച്ചി ഈസ് ടു ഹോട്ട് ലഹരി വിളയുന്ന കൊച്ചി, അന്വേഷണം കൊച്ചി ഹാർബറിലേയ്ക്കും, നങ്കൂരമിടുന്ന ആഡംബര കപ്പലുകളിലേയ്ക്കും

  • March 29, 2026
  • 1 min read

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് കൊക്കെയ്ൻ അടക്കമുള്ള മാരക ലഹരിമരുന്നുകളുമായി പ്രൊഫഷണലുകൾ ഉൾപ്പെടെ എട്ടുപേർ പിടിയിലായ സംഭവത്തിൽ അന്വേഷണം ക്രൂയിസ് പാർട്ടികളിലേക്കും വ്യാപിപ്പിച്ചു. പിടിയിലായവരിൽ പ്രധാനിയായ ഷോൺ കഴിഞ്ഞ ശനിയാഴ്ച കൊച്ചിയിൽ ആഡംബര കപ്പലിൽ പാർട്ടി നടത്തിയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.അഭിഭാഷകനായ രോഹിത് നായർ, റെസ്റ്റോറന്റ് ഉടമ ഓസ്റ്റിൻ ജോസ്, ബിസിനസുകാരനായ ജിനോ മുരളി, ന്യൂട്രീഷൻ വിദഗ്ധൻ അക്ബർ ഷാ, ദന്ത ഡോക്ടർ ബെൻസി റാവുത്തർ, ഫിസിയോതെറാപ്പിസ്റ്റ് സെയ്‌തലി ഫാത്തിമ, ഏവിയേഷൻ വിദ്യാർത്ഥിനി അമൽ റൗഫ്, തിരുവനന്തപുരം സ്വദേശി ഷോൺ എന്നിവരാണ് അറസ്റ്റിലായത്. പ്രതിയായ ഷോണിന്റെ നേതൃത്വത്തിൽ കഴിഞ്ഞയാഴ്ച നടന്ന ക്രൂയിസ് പാർട്ടിയിൽ വൻതോതിൽ ലഹരിമരുന്ന് ഉപയോഗിച്ചതായി പോലീസ് സംശയിക്കുന്നു. ഈ പാർട്ടിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് പരിശോധിച്ചുവരികയാണ്. കൊക്കെയ്ൻ ഉൾപ്പെടെയുള്ള വിദേശ നിർമ്മിത ലഹരിമരുന്നുകളാണ് ഹോട്ടൽ മുറിയിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. പ്രൊഫഷണലുകൾ ഉൾപ്പെട്ട സംഘത്തിന് ലഹരി എത്തിച്ചു നൽകുന്ന റാക്കറ്റുകളെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. നഗരത്തിലെ മറ്റ് ആഡംബര ഹോട്ടലുകളിലും ക്രൂയിസ് പാർട്ടികളിലും ഇത്തരത്തിൽ ലഹരിമരുന്ന് വിതരണം നടക്കുന്നുണ്ടോ എന്ന് പോലീസ് നിരീക്ഷിച്ചുവരികയാണ്. 

Leave a Reply

Your email address will not be published. Required fields are marked *