ഡി.എം.കെ 164 സീറ്റുകളിൽ മത്സരിക്കും

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഡി.എം.കെയുടെ ചെന്നൈ ഉൾപ്പെടെ പ്രധാന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടിക മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുറത്തിറക്കി. 234 സീറ്റുകളിൽ 164 മണ്ഡലങ്ങളിലാണ് ഡി.എം.കെ മത്സരിക്കുക. മുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയാക്കിയതായും പാർട്ടി സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കിയതായും ഡി.എം.കെ പറഞ്ഞു. സ്റ്റാലിൻ വീണ്ടും കൊളത്തൂരിൽ തന്നെ മത്സരിക്കും. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ചെപ്പോക്ക് -തിരുവള്ളിക്കേനി (ട്രിപ്ലിക്കേൻ)യിൽനിന്നും ജനവിധി തേടും.ഡി.എം.കെ നേതൃത്വം നൽകുന്ന മുന്നണിയിൽ 70 സീറ്റുകളിലാണ് ഘടകകക്ഷികൾ മത്സരിക്കുക. മുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയാക്കുന്നതിൽ കാലതാമസം നേരിട്ടുവെന്ന ആരോപണങ്ങൾ സ്റ്റാലിൻ തള്ളികളഞ്ഞു. സന്തുലിതമായ കരാർ ഉറപ്പാക്കുന്നതിന് പാർട്ടികളുമായി ക്ഷമയോടെയുള്ള ചർച്ചകൾ ആവശ്യമാണെന്നും അതിന് സമയമെടുക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.28 സീറ്റുകളുമായി കോൺഗ്രസ് മുന്നണിയിലെ രണ്ടാമത്തെ പ്രമുഖ കക്ഷിയായി ഉയർന്നു. ദേശീയ മുർപോക്കു ദ്രാവിഡ കഴകം -10, വിടുതലൈ ചിരുതൈഗൾ കച്ചി -എട്ട്, സി.പി.ഐ -അഞ്ച്, സി.പി.എം -അഞ്ച്, മരുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം -നാല് സീറ്റുകളിലുമാണ് മത്സരിക്കുക. ബാക്കി സീറ്റുകൾ മറ്റു ചെറുകക്ഷികൾക്കും വിഭജിച്ചു നൽകും.കരൂരിൽനിന്ന് മാറി മന്ത്രി സെന്തിൽ ബാലാജി കോയമ്പത്തൂർ സൗത്തിൽ മത്സരിക്കും. മന്ത്രി കെ.എൻ. നെഹ്‌റു പ്രതിനിധീകരിക്കുന്ന മധുര സെൻട്രൽ- തിരുച്ചി വെസ്റ്റ്, മന്ത്രി ടി.ആർ.ബി. രാജയുടെ മന്നാർഗുഡി എന്നിവയാണ് സിറ്റിങ് മന്ത്രിമാർ വീണ്ടും ജനവിധി തേടുന്ന പ്രധാന മണ്ഡലങ്ങൾ. മന്ത്രി ഐ പെരിയസാമി -ദിണ്ഡിഗൽ, മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി -തിരുവെരുമ്പൂർ, ഗീതാ ജീവൻ -തൂത്തുക്കുടി എന്നിവയാണ് മറ്റ് ശ്രദ്ധേയമായ മറ്റു മണ്ഡലങ്ങൾ.

