ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്ക് തിരുവനന്തപുരത്ത് തുടക്കമാകും; മത്സരക്രമം ബി.സി.സി.ഐ പുറത്തുവിട്ടു

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയ്ക്ക് തിരുവനന്തപുരത്ത് തുടക്കമാകും; മത്സരക്രമം ബി.സി.സി.ഐ പുറത്തുവിട്ടു
തിരുവനന്തപുരം: ക്രിക്കറ്റ് പ്രേമികൾക്ക് ആവേശമായി വെസ്റ്റ് ഇൻഡീസിൻ്റെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിന് തിരുവനന്തപുരം വേദിയാകുന്നു. 2026-27 രാജ്യാന്തര ഹോം സീസണിൻ്റെ ഭാഗമായി ബി.സി.സി.ഐ പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് സെപ്റ്റംബർ 27-ന് കാര്യവട്ടം ഗ്രീൻഫീൽഡ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിലാണ് ആദ്യ പോരാട്ടം നടക്കുക. മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വൻ്റി20 മത്സരങ്ങളുമാണ് വിൻഡീസ് പര്യടനത്തിലുള്ളത്.പരമ്പരയിലെ രണ്ടാം ഏകദിനം സെപ്റ്റംബർ 30-ന് ഗുവാഹത്തിയിലും, അവസാന ഏകദിനം ഒക്ടോബർ മൂന്നിന് ചണ്ഡിഗഡിലും അരങ്ങേറും. ഏകദിന പരമ്പരയ്ക്ക് പിന്നാലെ ഒക്ടോബർ ആറിനാണ് ടി20 മത്സരങ്ങൾ ആരംഭിക്കുന്നത്. ലഖ്‌നൗ, റാഞ്ചി, ഇൻഡോർ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലായി നടക്കുന്ന ടി20 പരമ്പര ഒക്ടോബർ 17-ന് സമാപിക്കും.മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാര്യവട്ടത്തേക്ക് ഏകദിന മത്സരം എത്തുന്നത്. 2023 ജനുവരിയിലാണ് അവസാനമായി കാര്യവട്ടത്ത് ഏകദിന മത്സരം നടന്നത്. ഈ വർഷം ജനുവരി 31-ന് നടന്ന ഇന്ത്യ-ന്യൂസീലൻഡ് ടി20 മത്സരത്തിന് ശേഷം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ രാജ്യാന്തര മത്സരം കൂടിയാണിത്. കേരളത്തിലെ കായിക പ്രേമികൾക്ക് വലിയ ആവേശം പകരുന്നതാണ് ബി.സി.സി.ഐയുടെ പ്രഖ്യാപനം
