നിയന്ത്രണം വിട്ട ബസ് പത്മ നദിയിലേക്ക് മറിഞ്ഞ് 23 മരണം.

ധാക്ക: ബംഗ്ലാദേശിലെ രാജ്ബാരി ജില്ലയില്‍ നിയന്ത്രണം വിട്ട ബസ് പത്മ നദിയിലേക്ക് മറിഞ്ഞ് 23 മരണം. ബുധനാഴ്ച വൈകുന്നേരം 5.15-ഓടെ ദൗലഡിയ ടെര്‍മിനലിലായിരുന്നു ദാരുണമായ അപകടം നടന്നത്. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഈദ് അവധി കഴിഞ്ഞ് തലസ്ഥാനമായ ധാക്കയിലേക്ക് മടങ്ങുകയായിരുന്ന യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. അപകടസമയത്ത് ഏകദേശം 40 യാത്രക്കാര്‍ വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നതായാണ് വിവരം. 11 ഓളം പേര്‍ നീന്തി രക്ഷപ്പെടുകയോ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയോ ചെയ്തു.
ടെര്‍മിനലിലെ പോണ്ടൂണില്‍ നിന്ന് ബസ് ഫെറിയിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു ചെറിയ യൂട്ടിലിറ്റി ഫെറി വന്ന് പോണ്ടൂണില്‍ ഇടിക്കുകയായിരുന്നു.ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് നദിയിലേക്ക് പതിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ‘ഞങ്ങളുടെ കണ്‍മുന്നിലൂടെയാണ് ബസ് വെള്ളത്തിലേക്ക് താഴ്ന്നുപോയത്, ഒന്നും ചെയ്യാന്‍ സാധിച്ചില്ല,’ ടെര്‍മിനല്‍ സൂപ്പര്‍വൈസര്‍ മുനീര്‍ ഹൊസൈന്‍ പറഞ്ഞു.ഫയര്‍ സര്‍വീസ്, നേവി, പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. രാത്രിയായതിനാല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച തെരച്ചില്‍ വ്യാഴാഴ്ച രാവിലെ പുനരാരംഭിച്ചു. മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
