March 25, 2026

ആറാട്ടുപുഴ പൂരം കൊടിയേറി

  • March 25, 2026
  • 0 min read

ആറാട്ടുപുഴ പൂരം കൊടിയേറി

ഇരിങ്ങാലക്കുട : ചരിത്ര പ്രസിദ്ധമായ ആറാട്ടുപുഴ പൂരത്തിന് ആതിഥ്യമരുളുന്ന ആറാട്ടുപുഴ ക്ഷേത്രത്തിൽ കൊടിയേറ്റം നടന്നു.

തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട്, ക്ഷേത്രത്തിന്റെ ഊരാളൻ കുടുംബാംഗങ്ങളായ മാടമ്പ് ഹരിദാസൻ നമ്പൂതിരി, ചിറ്റിശ്ശേരി കപ്ളിങ്ങാട്ട് ബാബു നമ്പൂതിരി, ദിലീപ് നമ്പൂതിരി, ബാലകൃഷ്ണൻ നമ്പൂതിരി, ബിജു നമ്പൂതിരി, ചോരഞ്ചേടത്ത് പുരുഷോത്തമൻ നമ്പൂതിരി, ശ്രീകുമാർ നമ്പൂതിരി, ഓട്ടൂർമേക്കാട്ട് വിനോദ് നമ്പൂതിരി, ജയൻ നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കൊടിയേറ്റംവൈകുന്നേരം 4ന് ശാസ്താവിന് ദ്രവ്യം സമർപ്പിച്ച് പ്രാർത്ഥിച്ചിട്ടാണ് ദേശത്തെ ആചാരിയുടെ നേതൃത്വത്തിൽ ദേശക്കാർ മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തേക്ക് ലക്ഷണമൊത്ത കവുങ്ങ് മുറിക്കാൻ പോയത്.അവിടെ നിന്നും അത്യുത്സാഹപൂർവ്വം ആർപ്പും കുരവയുമായി കൊണ്ടു വന്ന കവുങ്ങ് ചെത്തിമിനുക്കിയാണ് കൊടിമരമാക്കിയത്. ശാസ്താവിന്റെ നിലപാടുതറക്ക് സമീപം മാടമ്പി വിളക്ക് തെളിയിച്ച് ദേവസ്വം അധികാരി നെൽപറ നിറച്ചതിനു ശേഷമാണ് കവുങ്ങ് ചെത്തിമിനുക്കിയത്. ക്ഷേത്രനടപ്പുരയിൽ വെച്ച് ഒന്നിടവിട്ട് ആലിലകളും മാവിലകളും 7 സ്ഥാനങ്ങളിൽ ചാർത്തി കൊടിമരം അലങ്കരിച്ചു. കൊടികയ്യിൽ കൊടിക്കൂറ അലങ്കരിച്ച ശേഷം കൊടിമരം 8.30ന് ദേശക്കാരാണ് ഉയർത്തിയത്. തുടർന്ന് ഊരാളന്മാർ ഭർഭപ്പുല്ല് കൊടിമരത്തിൽ ബന്ധിപ്പിച്ചു.ഗോപുരനടയിൽ നിന്നും വാദ്യഘോഷങ്ങളില്ലാതെ ചമയങ്ങളില്ലാത്ത ഒരു ഗജവീരന്റെ പുറത്ത് ഊരാളൻ കുടുംബാംഗത്തെ കയറ്റി കുത്തുവിളക്കുകളുടെ അകമ്പടിയോടെ ഏഴുകണ്ടം അതിർത്തി വരെ ആനയിച്ചു. അവിടെ വെച്ച് അടിയന്തിരം മാരാർ ശംഖധ്വനി മുഴക്കി. തുടർന്ന് തൃപുട താളത്തിൽ വാദ്യഘോഷങ്ങളോടെ ആർപ്പും കുരവയുമായി ജനസഞ്ചയം ക്ഷേത്രത്തിലേക്ക് മടങ്ങി.തൃപുട മേളം ക്ഷേത്രനടപ്പുരയിൽ കലാശിച്ചു. ബലിക്കല്ലിനു സമീപം മാടമ്പി വിളക്ക്, നിറപറ, വെള്ളരി, എന്നിവയുടെ സാന്നിദ്ധ്യത്തിൽ 2 നാളികേരം ഉടച്ചു വെച്ചു. തുടർന്ന് അടിയന്തിരം മാരാർ കിഴക്കോട്ട് തിരിഞ്ഞ് ശാസ്താവിനെ തൊഴുത് “ക്ഷേത്രം ഊരാളന്മാർ മുഖമണ്ഡപത്തിൽ എഴുന്നെള്ളിയിട്ടില്ലേ” എന്നും, “സമുദായം നമ്പൂതിരിമാർ വാതിൽമാടത്തിൽ എത്തിയിട്ടില്ലേ” എന്നും, പടിഞ്ഞാട്ട് തിരിഞ്ഞ് “കുമ്പടന്മാരെല്ലാവരും ഗോപുരത്തിങ്കൽ എത്തിയിട്ടില്ലേ”എന്നും 3 തവണ വീതം ചോദിച്ചു. വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് “ആറാട്ടുപുഴ ശാസ്താവിന്റ പൂരം പുറപ്പാടിന് കൂട്ടിക്കൊട്ട് കൊട്ടട്ടെ” എന്നും അതിനു ശേഷം പടിഞ്ഞാട്ട് തിരിഞ്ഞ് ഇതു തന്നെ 3 തവണ കൂടി ചോദിച്ചു. 3 പ്രാവശ്യം ശംഖു വിളിച്ച് വലംതലയിൽ പൂരം കൊട്ടിവെക്കുന്നതോടു കൂടി കൊടിയേറ്റ ചടങ്ങുകൾ പര്യവസാനിച്ചു.കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. രവീന്ദ്രൻ, അംഗം അഡ്വ. കെ.പി. അജയൻ, ദേവസ്വം കമ്മീഷണർ എസ്. ആർ. ഉദയകുമാർ, ഡെപ്യൂട്ടി കമ്മീഷണർ സുനിൽ കർത്താ, തിരുവഞ്ചിക്കുളം അസി. കമ്മീഷണർ എം. ആർ. മിനി, ആറാട്ടുപുഴ ദേവസ്വം ഓഫീസർ യു. അനിൽകുമാർ എന്നിവർ പങ്കെടുത്തു.

#തിരുവായുധ_സമർപ്പണം

മതിൽക്കെട്ടിനു പുറത്ത് ആൽത്തറയ്ക്കു സമീപം തിരുവായുധ സമർപ്പണം എന്ന ചടങ്ങായിരുന്നു പിന്നീട് നടന്നത്. ആറാട്ടുപുഴ കളരിക്കൽ ബാലകൃഷ്ണ കുറുപ്പിന്റെ ചുമതലയിലാണ് തിരുവായുധം സമർപ്പിച്ചത്. കരിമ്പന ദണ്ഡു കൊണ്ടാണ് വില്ലും ശരവും ഉണ്ടാക്കിയിട്ടുള്ളത്. ദണ്ഡോളം നീളമുള്ളതാണ് വില്ല്. ചേലമരത്തിന്റെ തൊലി ഉണക്കി നാരാക്കി പിരിച്ചാണ് ഞാൺ ഉണ്ടാക്കിയിട്ടുള്ളത് .വില്ലും ശരവും പ്രത്യേക മരത്തിൽ തീർത്ത വാളും പരിചയും ആണ് “തിരുവായുധം” പൊൻകാവിതേച്ച് മനോല കൊണ്ട് വരച്ചാണ് തിരുവായുധത്തിന് നിറം കൊടുക്കുന്നത്. ശാസ്താവ് എഴുന്നള്ളുമ്പോഴെല്ലാം അകമ്പടിയായി തിരുവായുധവും ഉണ്ടായിരിക്കും.ഈ സമയം ക്ഷേത്രത്തിനകത്ത് നവകം, ശ്രീഭൂതബലി തുടങ്ങിയ താന്ത്രികച്ചടങ്ങുകൾ ആരംഭിച്ചു. കൊടിക്കുത്തു വരെ എല്ലാ ദിവസവും ശ്രീഭൂതബലി, കേളി, കൊമ്പുപറ്റ്, കുഴൽപറ്റ്, സന്ധ്യവേല എന്നിവയും ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *