March 25, 2026

മിനി ഹൈഡൽ പദ്ധതി സജ്ജം; മഴക്കാലത്ത് വൈദ്യുതി ഉത്പാദനം ആരംഭിക്കും

  • March 25, 2026
  • 0 min read

വടക്കഞ്ചേരിയിൽ പാലക്കുഴി മിനി ഹൈഡൽ പദ്ധതി സജ്ജം; മഴക്കാലത്ത് വൈദ്യുതി ഉത്പാദനം ആരംഭിക്കും


വടക്കഞ്ചേരി : നിർമ്മാണ പ്രവർത്തികൾ പൂർത്തിയായ പാലക്കുഴി തിണ്ടില്ലം പുഴയിൽ നിന്നുള്ള മിനി ജലവൈദ്യുത പദ്ധതിക്ക് അനുഗ്രഹമായത് കുത്തനെയുള്ള മലഞ്ചരിവും മലയുടെ ഉയരവും ആണെന്ന് അധികൃതർ. 222 മീറ്ററാണ് മലമുകളിലുള്ള പാലക്കുഴി തോട്ടിൽ നിന്നും താഴെ കൊന്നക്കൽ കടവിലെ പവർഹൗസിലേക്ക് ഉള്ള വെള്ളത്തിന്റെ സമ്മർദ്ദദൂരം. ഇത് പ്രകൃതി തന്നെ ഒരുക്കിയ വലിയ അനുഗ്രഹമാണ്.
ജില്ലാ പഞ്ചായത്തിന്റെ ആദ്യ ജലവൈദ്യുത പദ്ധതിയായ മണ്ണാർക്കാട് മീൻവല്ലം പദ്ധതിക്കും ഇതേ അനുകൂല ഘടകങ്ങളായിരുന്നു. പവർഹൗസിൽ നിന്നും മലയിലേക്ക് ഉള്ള ഹെഡിന്റെ ഉയരമാണ് പാലക്കുഴി പദ്ധതി വിഭാവനം ചെയ്യാൻ തന്നെ കാരണമായത്.
നല്ല ഉയരത്തിൽ നിന്നുള്ള വെള്ളച്ചാട്ടം അല്ലെങ്കിൽ വർഷത്തിലെ എല്ലാ മാസങ്ങളിലും ഉള്ള ജലലഭ്യത തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് ജലവൈദ്യുത പദ്ധതികൾ ആസൂത്രണം ചെയ്യുന്നത്.
ഉത്പാദനച്ചെലവും അതിൽ നിന്നുള്ള വൈദ്യുതി ഉത്പാദന തോതും വരുമാനവും പദ്ധതി നടപ്പിലാക്കാനുള്ള മറ്റൊരു പ്രധാന ഘടകങ്ങളാണ്.
പാലക്കുഴി പദ്ധതിയിൽ ജലലഭ്യത കുറവാണെങ്കിലും മലയുടെ ഉയരമാണ് പദ്ധതി നടപ്പിലാക്കാൻ സഹായിച്ചിട്ടുള്ളത്. വർഷത്തിൽ 3.78 മില്ല്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം വെച്ചിട്ടുള്ളത്.
സ്റ്റോറേജ് സ്കീമിന് പകരം റൺ ഓഫ് ദി റിവർ സ്കീമായാണ് പാലക്കുഴി പദ്ധതി ഉള്ളത്. ഒഴുകി വരുന്ന വെള്ളത്തിന്റെ തോതിനുസരിച്ചാകും വൈദ്യുതി ഉത്പാദനം നടക്കുക. പദ്ധതിക്കുള്ള ചെക്ക്ഡാമിൽ ജലസംഭരണം ആരംഭിച്ചിട്ടുണ്ട്.
നല്ല വേനൽമഴ ലഭിച്ചാൽ ട്രയൽ റൺ നടത്തി മഴക്കാലത്തിന്റെ തുടക്കത്തിൽ തന്നെ വൈദ്യുതി ഉത്പാദനം തടസങ്ങളില്ലാതെ തുടരാനാകുമെന്ന് അധികൃതർ പറയുന്നു.
ചെക്ക്ഡാമിൽ നിന്നും മലഞ്ചരിവിലൂടെ പവർഹൗസിലേക്കുള്ള വലിയ പെൻസ്റ്റോക്ക് പൈപ്പുകൾ സ്ഥാപിക്കൽ അപകടകരവും ദുഷ്കരവുമായ പണിയായിരുന്നു. അതെല്ലാം വിജയകരമായി തീർക്കാൻ കഴിഞ്ഞു. തടയണയുടെ വശത്തുള്ള റോഡ് കോൺക്രീറ്റ് ചെയ്യുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *