ചോദ്യങ്ങൾക്ക് മറുപടിയുമായി മഞ്ജു പത്രോസ്

കൊച്ചി: നടി മഞ്ജു പത്രോസിന്റെ കുടുംബജീവിതത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഏറെക്കാലമായി ഉയർന്നുകൊണ്ടിരുന്ന ചോദ്യങ്ങൾക്ക് ഒടുവിൽ താരം തന്നെ മറുപടിയുമായി രംഗത്തെത്തി. ഭർത്താവ് സുനിച്ചനുമായി നിയമപരമായി വേർപിരിഞ്ഞിട്ടില്ലെന്നും എന്നാൽ കുറേക്കാലമായി തങ്ങൾ അകന്നു കഴിയുകയാണെന്നുമാണ് മഞ്ജു വ്യക്തമാക്കിയത്. ഒരു പ്രമുഖ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആരാധകരുടെ സംശയങ്ങൾക്ക് താരം കൃത്യമായ മറുപടി നൽകിയത്. സുനിച്ചനെ അടുത്തകാലത്തായി മഞ്ജുവിനൊപ്പം കാണാത്തതായിരുന്നു ഇത്തരം ചർച്ചകൾക്ക് വഴിമരുന്നിട്ടത്. തന്റെ സ്വകാര്യ ജീവിതത്തിലെ ഈ മാറ്റങ്ങളെക്കുറിച്ച് വളരെ തുറന്ന മനസ്സോടെയാണ് താരം സംസാരിച്ചത്. മറ്റുള്ളവരുടെ ഇഷ്ടത്തിനനുസരിച്ച് ഒരുപാട് കാലം ജീവിക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണ് ഈ തീരുമാനത്തിന് പിന്നിലെന്നും മഞ്ജു കൂട്ടിച്ചേർത്തു.സുനിച്ചനുമായി നിലവിൽ തനിക്ക് യാതൊരുവിധ കോൺടാക്‌ടുമില്ലെന്ന് മഞ്ജു അഭിമുഖത്തിൽ വെളിപ്പെടുത്തി. എങ്കിലും മകനെ അദ്ദേഹം വിളിക്കാറുണ്ടെന്നും അവർ തമ്മിൽ സംസാരിക്കാറുണ്ടെന്നും താരം പറഞ്ഞു. മകൻ അച്ഛനെ കാണാൻ പോകാറുണ്ടെന്നും അത്തരം ബന്ധങ്ങൾ ഇല്ലാതാക്കാൻ താൻ ആരുമല്ലെന്നുമാണ് മഞ്ജുവിന്റെ നിലപാട്. വീണ്ടും ഒരുമിക്കാനുള്ള സാധ്യതയെക്കുറിച്ച് നിലവിൽ യാതൊരുവിധ സംസാരവും ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി. സ്വന്തം മനസ്സിന് തൃപ്തി നൽകുന്ന കാര്യങ്ങൾ ചെയ്യാനാണ് ഇപ്പോൾ താൻ ആഗ്രഹിക്കുന്നതെന്നും അത് മറ്റുള്ളവർക്ക് ഉപദ്രവമാകരുതെന്ന് നിർബന്ധമുണ്ടെന്നും താരം പറഞ്ഞു. തന്റെ മകൻ നാളെ ഒരിടത്തും അമ്മയുടെ പേരിൽ തലകുനിക്കാൻ ഇടവരരുത് എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നതെന്നും മഞ്ജു കൂട്ടിച്ചേർത്തു.

