ചുമരെഴുതാൻ ചുവര്‍ബോട്ട്

ഇനി ചുവരെഴുതാനും റോബോർട്ട്…ആദ്യം ചുമരെഴുതി പ്രചാരണം കൊഴുപ്പിക്കാനാണ് രാഷ്ട്രീയ പാർട്ടികള്‍ മത്സരിക്കുക. പരമ്പരാഗത രീതി മാറി ഇത്തവണ ചുമരെഴുതാൻ യന്ത്രങ്ങളുമുണ്ടാകും.ചുവർബോട്ട്’ എന്ന റോബോട്ടാണ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പുത്തൻ ചുമരെഴുത്ത് നടത്തുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്കായി കൊടുന്തിരപ്പുള്ളിയില്‍ ഇത്തവണ ചുമരെഴുതിയത് റോബോട്ട് ആണ്. കേരള സ്റ്റാർട്ടപ്പ് മിഷനുകീഴില്‍ പാലക്കാട് ആസ്ഥാനമായ ടെവാനോവ ടെക്‌ട്രേഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ‘ചുവർബോട്ട്’ വികസിപ്പിച്ചെടുത്തത്. സിഎൻസി വാള്‍ സ്പ്രേ പ്രിന്റിങ് നടത്തുന്ന റോബോട്ട്, കംപ്യൂട്ടറൈസ്ഡ് ന്യൂമറിക്കല്‍ കണ്‍ട്രോള്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ഭാഷയേതാലും റോബോർട്ടിന് പ്രശ്നമില്ല. മലയാളത്തില്‍ ഉള്‍പ്പെടെ ഏതുഭാഷയിലും ഏതുനിറത്തിലും എഴുതും. എഴുത്ത് മാത്രമല്ല, ചിത്രവും വരയ്ക്കും. വാക്കുകളുടെയും വരകളുടെയും വലിപ്പമനുസരിച്ചാവും റോബോട്ടിന്റെ പ്രവർത്തനമെന്നും രണ്ടുമുതല്‍ മൂന്നുമീറ്റർവരെ നീളമുള്ള ചുമരില്‍ 15-20 മിനിറ്റുകൊണ്ട് ഒരു ചുമരെഴുത്ത് പൂർത്തിയാക്കാൻ കഴിയും. ഒരു ടെക്‌നീഷ്യനും ഡിസൈനറുമടക്കം രണ്ട് ജീവനക്കാരാണ് റോബോട്ട് പ്രവർത്തിപ്പിക്കുക.

