March 21, 2026

ഇനി കൂട്ടാല ഇല്ലാത്ത ഇരിഞ്ഞാലക്കുട

  • March 21, 2026
  • 0 min read

കൂട്ടാല ഇല്ലാത്ത ഇരിഞ്ഞാലക്കുടഅഡ്വ.രമേശ് കൂട്ടാലയുടെ പാഥത്തിൽ മുതിർന്ന കാര്യകർത്താക്കളോടൊപ്പം ഒരുപിടി പുഷ്പം അർപ്പിക്കുമ്പോൾ പാതി അടഞ്ഞ കണ്ണുകളോടെ നോക്കുകയായിരുന്നുവോ എന്ന് തോന്നിപ്പോയി. കിഡ്നി സംബന്ധമായ രോഗമായിരുന്നുവെങ്കിലും അത് മാറ്റി വെച്ച് പൂർവാധികം ശക്തിയോടെ തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു. ചെറിയ ശാരീരിക അസ്വസ്ഥതകൾ നിലനിന്നിരുന്നുവെങ്കിലും ഇത്രയും പെട്ടെന്നൊരു വിട പ്രതീക്ഷിച്ചില്ല. 3 വർഷം കർമ്മമണ്ഡലം ഇരിഞ്ഞാലക്കുടയായിരുന്നു.സംഘടനാപരമായും വ്യക്തിപരമായും ഉള്ള ഉള്ളല ച്ചുകൾ വരുമ്പോൾ സംസാരിക്കാൻ തക്കതായ ഒരിടമായിരുന്നു. വ്യക്തിപരമായ ഇഷ്ടങ്ങളെല്ലാം ഉപേക്ഷിച്ചിട്ടുള്ള പ്രവർത്തനങ്ങളാണെങ്കിലും ഇടക്കെല്ലാം ചില ഇഷ്ട ഭക്ഷണങ്ങൾ കിട്ടിയാൽ കൊള്ളാം എന്ന് തോന്നാറുണ്ട്. പൈസ കൊടുത്താൽ പുറത്ത് കിട്ടാത്തവയല്ല. എന്നിരിക്കിലും സംഘകുടുംബത്തിലെ അമ്മമാർ നമുക്ക് വേണ്ടി മാത്രം തയ്യാറാക്കി തരുമ്പോൾ കഴിക്കുന്നത്ര സന്തോഷവും സ്വാദും പൈസയുടെ മൂല്യത്തിനപ്പുറമാണ്. നമ്മുടെ ഇഷ്ടം തിരിച്ചറിഞ്ഞ് ആഹാരം തയ്യാറാക്കി വച്ച് വിളിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾ കാഞ്ഞങ്ങാട് മുതൽ തിരുവനന്തപുരം വരെ ഉണ്ട് എന്നുള്ളത് ഈ ജന്മത്തിലെ പുണ്യമാണ്.അത്തരം ഒരു കുടുംബമാണ് കൂട്ടാലയുടേതും. ഷുഗർ സംബന്ധമായ ആളുകൾ, ഷുഗർ വേണ്ടതായ ആളുകൾ, ഇത്തിരി എരിവും പുളിയും വേണ്ടവർ ഇങ്ങനെ എത്ര തരത്തിൽ ഉള്ളവർ പോയാലും അവർക്കെല്ലാം അനുസരിച്ചുള്ള ആഹാരം അവിടെ തയ്യാറായിട്ടുണ്ടാവും. ആരൊക്കെയാണ് ഉണ്ടാവുക എന്ന് മാത്രം പറഞ്ഞാൽ മതി. ചേച്ചിക്ക് അവരുടെ ആഹാര വ്യവസ്ഥകൾ അറിയാം..3 വർഷക്കാലം ഒരുപാട് തവണ കൂട്ടാലയോടൊം കുടുംബത്തോടൊപ്പം അന്നം കഴിച്ചു. കടപ്പാട് ഉണ്ട്. ഇന്നും എന്നും. ജില്ലാ കേന്ദ്രം ഇത്തിരി ടൗൺ പ്രദേശമായതുകൊണ്ട് ശാഖാ പ്രവർത്തനം വലിയ ഉഷാർ ഉണ്ടാവാറില്ല. എന്നാൽ ചുറ്റുപ്രദേശങ്ങളിലെല്ലാം മോശമല്ലാത്ത രീതിയിൽ ശാഖകൾ നടക്കുന്നുമുണ്ട്. പയ്യന്നൂർ ജില്ലയിലെ ഒരു സ്വയംസേവകൻ ഒരു ബാങ്കിൻ്റെ സീനിയർ മാനേജറായി ഇവിടെ എത്തി. അദ്ദേഹത്തിന് എല്ലാ ദിവസവും ശാഖയിൽ പങ്കെടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. കൂടുതൽ ആലോചനയ്ക്ക് നിന്നില്ല. കാര്യാലയത്തിൽ തന്നെ പ്രഭാത ശാഖ തുടങ്ങാൻ തീരുമാനിച്ചു. മുമ്പ് ഉണ്ടായിരുന്നതാണ്. നിൽക്കും തുടങ്ങും തുടങ്ങും നിൽക്കും ഇതായിരുന്നു സ്ഥിതി.എല്ലാ ദിവസവും എനിയ്ക്ക് ശാഖയിൽ പങ്കെടുക്കണമെന്ന ഒരു സ്വയംസേവകൻ്റെ അഭ്യർത്ഥന. കാര്യാലയവാസിയായ പ്രസാദ് മാഷിനോടും പറഞ്ഞു. ഉഷാറാക്കാം എന്നുള്ള കട്ട സപ്പോർട്ട് .. ഉടനെ തന്നെ കൂട്ടാലയെ വിളിച്ചു. നാളെ രാവിലെ 6:30 യ്ക്ക് കാര്യാലയത്തിൽ ശാഖ ഉണ്ട് വരണം. മറുമൊഴി എപ്പോഴും എന്തെങ്കിലും തമാശയിൽ കൂടിയായിരിക്കുമെന്നറിയാം. വരാം എന്ന് പറഞ്ഞു മാന്യ താലൂക്ക് സംഘചാലക് പ്രതാപേട്ടനെ കണ്ട് പറഞ്ഞു, രാവിലെ 6:30 യ്ക്ക് വരണം. ഹിന്ദു ഐക്യവേദി രാജീവ് ചാത്തമ്പള്ളിയെ വിളിച്ചു, പത്രറിപ്പോർട്ടർ മനോജ് ജിയെ വിളിച്ചു, ഇങ്ങനെ 6, 7 പേരെ വിളിച്ചു.എല്ലാവരും 6:25 ന് മുന്നേ ശക്തി നിവാസിൽ ഉപസ്ഥിതി രേഖപ്പെടുത്തി. ശാഖയുടെ പുനരാരംഭം.പ്രാഥമിക ശാരീരിക് കാര്യങ്ങൾ കഴിഞ്ഞാൽ രണ്ട് ടീമായി പന്ത് ഉപയോഗിച്ചുള്ള കളികൾ. വീറും വാശിയോടൊപ്പം തമാശ പറഞ്ഞ് കൂട്ടച്ചിരികൾ…അനിവാര്യ ബൗദ്ധിക് കാര്യക്രമത്തിനായ് മണ്ഡല പിടിച്ചിരിക്കുമ്പോൾ ശാഖാരംഭത്തിൽ ധ്വജപ്രണാം ചെയ്ത് മുകളിലെ ഹാളിൽ സ്ഥിര നടത്തം കഴിഞ്ഞ് കൊച്ചുസേതുവേട്ടനും എത്തും..ഒറ്റ നോട്ടത്തിൽ സമാജത്തിലെ സർവ്വമേഖലയിലുംപെട്ടവരുടെ ശാഖ. സുന്ദരമായ ദൃശ്യം. സംഘാനുഭൂതി അനുഭവപ്പെട്ട നിമിഷങ്ങൾ..ഇതിലെല്ലാം ഒരു കൈയ്യൊപ്പ് പ്രിയ കൂട്ടാലയുടേതും ഉണ്ടായിരുന്നു…ഓരോ കാഴ്ചയിലും അന്നിൻ്റെ അനുഭവങ്ങൾ പങ്കുവെച്ച് മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു. സംസാരിക്കുവാൻ തക്ക അനുഭവങ്ങളും ഉണ്ടായിരുന്നു….ഇനി അതൊക്കെ പറഞ്ഞ് ചിരിക്കാൻ സന്തോഷിക്കാൻ പ്രിയ കൂട്ടാല ഇല്ല. പൊന്നുവിനും കണ്ണനും ചേച്ചിയ്ക്കും കൂട്ടാലയുടെ വേർപാട് എത്ര കണ്ട് താങ്ങുവാൻ സാധിക്കുമെന്നറിയില്ല. ധൈര്യവും ശക്തിയും കരുത്തും കൊടുത്തു കൊണ്ട് തന്നെയാണ് വളർത്തിയത് എന്നറിയാം. പൊന്നു തന്നെ അച്ചൻ്റെ അന്ത്യേഷ്ടി കർമ്മം നടത്തിയതും ആ കരുത്തിൽ നിന്നാവാം…

Leave a Reply

Your email address will not be published. Required fields are marked *