February 18, 2026

പെണ്ണും പൊറാട്ടും പ്രേക്ഷകരിലേക്ക്

  • February 18, 2026
  • 0 min read

രാജേഷ് മാധവൻ, ആദ്യമായി സംവിധാനം ചെയ്ത സിനിമ എന്ന വിശേഷണത്തോടെയാണ് പെണ്ണും പൊറാട്ടും പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോഴിതാ ജന‘നായ‘കൻ എന്ന പേരിൽ പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്റർ വൈറലായിരിക്കുകയാണ്. ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രമായി വന്ന സുട്ടു എന്ന നായയുടെ മുഖം വെച്ച പോസ്റ്റർ ആണിപ്പോൾ വൈറൽ ആയിരിക്കുന്നത്.പട്ടട ഗ്രാമത്തിലെ കുമാർ എന്ന ചെറുപ്പക്കാരൻ മൂലമുണ്ടാകുന്ന ചില ഗുരുതര പ്രശ്നങ്ങളും, സമാന്തരമായി ജീവിതക്കാലം മുഴുവൻ ചങ്ങലയിൽ കഴിഞ്ഞ സുട്ടു എന്ന നായയുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ് പെണ്ണും പൊറാട്ടും പറഞ്ഞു പോകുന്നത്. ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് ഇപ്പോൾ തീയേറ്ററുകളിൽ നിറഞ്ഞോടുന്നത്.പാലക്കാട്‌ ജില്ലയിലെ പട്ടട എന്നൊരു സങ്കൽപ്പിക ഗ്രാമത്തെ പശ്ചാത്തലമാക്കി, മനുഷ്യരും മൃഗങ്ങളും ഒരുപോലെ അനുഭവിക്കുന്ന അനീതികളെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സ്വന്തം ഇച്ഛയ്ക്കെതിരെ വിവാഹത്തിന് നിർബന്ധിക്കപ്പെടുന്ന ചാരുലതയും, പേപ്പട്ടി എന്ന് മുദ്രകുത്തി ഗ്രാമത്തിന്റെ ക്രൂരതയ്ക്ക് ഇരയാകുന്ന സുട്ടു എന്ന നായയും പ്രധാന കഥാപാത്രങ്ങളായി വരുമ്പോൾ ചെറിയ ചെറിയ വിഷയങ്ങൾ എങ്ങനെ വലിയ സാമൂഹിക സംഘർഷങ്ങളായി മാറുന്നു, വ്യക്തികളിലേക്കും മൃഗങ്ങളിലേക്കും സമൂഹം എങ്ങനെ അധിനിവേശം നടത്തുന്ന തുടങ്ങിയ കാര്യങ്ങളെല്ലാം സിനിമ കൃത്യമായി പറഞ്ഞു വയ്ക്കുന്നു.മനുഷ്യകേന്ദ്രിതമായി മുൻപോട്ടു കഥകളിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ സുട്ടു എന്ന നായയിലൂടെയാണ് കഥ വികസിക്കുന്നത്. മനുഷ്യർ നടത്തുന്ന അക്രമങ്ങൾക്കും അനീതികൾക്കും എതിരായ മൗനപ്രതിഷേധമായി സുട്ടു മാറുമ്പോൾ  സംസാരിക്കാനാവാത്ത ഏതൊരു ജീവിക്ക് പോലും സമൂഹത്തേക്കാൾ കൂടുതൽ നൈതികബോധവുമുള്ളതായി മാറാൻ സാധിക്കുമെന്നാണ് സിനിമ വെളിപെടുത്തുന്നത്. അതുകൊണ്ട് തന്നെയാണ്, സിനിമ കഴിഞ്ഞാലും പട്ടട എന്ന ഗ്രാമവും, അവിടുത്തെ മനുഷ്യരും, മൃഗങ്ങളും, അവരുടെ ചിന്താഗതികളും ഒന്നും നമ്മെ വിട്ടുപോകാതെ മനസ്സിൽ നിൽക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *