ജയ്ഷെ മുഹമ്മദ് കമാൻഡർ സൈഫുല്ല വേഷം മാറുന്നു

ഇന്ത്യൻ സുരക്ഷാസേനയെ പേടിച്ച് ജയ്ഷെ മുഹമ്മദ് കമാൻഡർ സൈഫുല്ല വേഷം മാറുന്നു. പിടികൊടുക്കാതിരിക്കാൻ തന്റെ പ്രധാന അടയാളമായ താടി വടിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്ത സൈഫുല്ലയുടെ പുതിയ രൂപം സുരക്ഷാ ഏജൻസികൾ പുറത്തുവിട്ടു. സ്ത്രീകളുടെ വസ്ത്രങ്ങളും ബുർഖയും ധരിച്ച് വേഷം മാറി രക്ഷപ്പെടാനാണ് ഇയാൾ ഇപ്പോൾ ശ്രമിക്കുന്നതെന്ന് ഡോഡ എസ്എസ്പി സന്ദീപ് മെഹ്ത വെളിപ്പെടുത്തി. ഭീകരന്റെ മാറിയ രണ്ട് വ്യത്യസ്ത രൂപങ്ങൾ ഉൾപ്പെടുത്തിയ പോസ്റ്ററുകൾ സുരക്ഷാസേന കശ്മീരിൽ ഉടനീളം പതിച്ചു കഴിഞ്ഞു. അത്യന്തം അപകടകരമായ നീക്കമാണ് സൈഫുല്ല ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഗ്രാമീണരുടെ വിശ്വാസം മുതലെടുത്ത് ഒരു ‘ആത്മീയ ഗുരു’ ചമഞ്ഞ് ഒളിത്താവളങ്ങൾ കണ്ടെത്താനാണ് ഇയാളുടെ ശ്രമം. ചിലയിടങ്ങളിൽ ഇയാൾ മതപുരോഹിതന്റെ പരിവേഷം ഉണ്ടാക്കിയെടുത്തതായും ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഡോഡ, കിഷ്ത്വാർ മേഖലകളിലെ ദുർഘടമായ മലനിരകളിൽ കഴിഞ്ഞ രണ്ട് മാസമായി സൈഫുല്ലയ്ക്കായുള്ള വേട്ട തുടരുകയാണ്. ഇയാളുടെ കൂട്ടാളിയായ പാക് ഭീകരൻ ആദിൽ കഴിഞ്ഞദിവസം സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് സൈഫുല്ലയ്ക്ക് കനത്ത ആഘാതമായിട്ടുണ്ട്.
