February 16, 2026

ബോംബ് നിർമ്മാണത്തിനിടെ അമ്മയും മകനും മരിച്ചു, എൻ.ഐ.എ അന്വേഷണം തുടങ്ങി

  • February 16, 2026
  • 1 min read

ഭുവനേശ്വര്‍: ഒഡീഷ തലസ്ഥാനത്തെ സുന്ദര്‍പദ പ്രദേശത്തുള്ള ഒരു വീടിന്റെ മേല്‍ക്കൂരയിലുണ്ടായ ഉഗ്രസ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജനുവരി 27-ന് നടന്ന ഈ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടുപേര്‍ പിന്നീട് മരണപ്പെട്ടു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഷാനവാസ് മാലിക്, ഇയാളുടെ അമ്മ ലിസാറ്റുന്ന ബീബി എന്നിവരാണ് മരിച്ചത്.കെട്ടിടത്തിന് മുകളിലെ വാട്ടര്‍ ടാങ്കുകള്‍ക്ക് പിന്നില്‍ നിന്ന് പെട്ടെന്ന് തീജ്വാലകള്‍ ഉയരുന്നതും പിന്നാലെ കറുത്ത പുക ആകാശത്തേക്ക് പടരുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ പ്രദേശം വിറയ്ക്കുകയും പരിഭ്രാന്തരായ നാട്ടുകാര്‍ പുറത്തേക്ക് ഓടുകയും ചെയ്തു. സ്‌ഫോടന ശബ്ദം കിലോമീറ്ററുകളോളം ദൂരത്തില്‍ കേള്‍ക്കാമായിരുന്നു.വീടിന്റെ മേല്‍ക്കൂരയില്‍ വെച്ച് ബോംബുകള്‍ നിര്‍മ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടന സമയത്ത് ഷാനവാസ് മാലിക്, സഹായി അമിയ മാലിക്, ഷാനവാസിന്റെ അമ്മ, മറ്റൊരു സ്ത്രീ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇവരെ ആദ്യം ക്യാപിറ്റല്‍ ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ഷാനവാസും അമ്മയും മരണത്തിന് കീഴടങ്ങി.സംഭവസ്ഥലത്തുനിന്ന് വെടിമരുന്നും മറ്റ് സ്‌ഫോടക വസ്തുക്കളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മുഖ്യപ്രതിയായ ഷാനവാസ് മാലിക്കിനെതിരെ വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് ഭുവനേശ്വര്‍ ഡിസിപി ജഗ്മോഹന്‍ മീന അറിയിച്ചു.സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുത്തു. പ്രാദേശിക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്നാണ് എന്‍.ഐ.എ കേസ് ഏറ്റെടുത്തത്.സ്‌ഫോടനത്തിന് പിന്നില്‍ വലിയ ഗൂഢാലോചനകളോ മറ്റ് ക്രിമിനല്‍ ലക്ഷ്യങ്ങളോ ഉണ്ടോ എന്ന് ഏജന്‍സി പരിശോധിച്ചുവരികയാണ്. സുന്ദര്‍പദ മേഖലയില്‍ നിലവില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *