കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐക്ക് കുത്തേറ്റു
കോഴിക്കോട്: കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐ ഷാഫിക്ക് കുത്തേറ്റു. വെസ്റ്റ്ഹില്‍ സ്വദേശി പ്രമോദ് ആണ് എസ്‌ഐയെ കുത്തിയത്.ഇയാളെ പൊലീസ് പിടികൂടി. നിരവധി കേസുകളിലെ പ്രതിയാണ് പ്രമോദ്. ടൗണ്‍ പൊലീസ് സ്റ്റേഷന് മുന്നിലാണ് ആക്രമണം നടന്നത്. സ്റ്റേഷന് മുൻവശത്തായുള്ള ഹോട്ടലില്‍ ചായ കുടിക്കാനാണ് ഷാഫി എത്തിയത്.അപ്പോള്‍ ഹോട്ടലിലെ സപ്ലെെയറും പ്രതിയായ പ്രമോദും തമ്മില്‍ വാക്കുതർക്കം ഉണ്ടായി. വാക്കുതർക്കം കടുത്തതോടെ പ്രമോദിനോട് ശബ്ദമുയർത്തി സംസാരിക്കരുതെന്ന് എസ്‌ഐ ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ പ്രമോദ് എസ്‌ഐയോടും തട്ടിക്കയറി. ഇയാളെ പിടിച്ചുമാറ്റാൻ എസ്‌ഐ ശ്രമിക്കുകയും പിന്നീട് പുറത്തേക്ക് ഇറങ്ങുകയും ചെയ്തു. ഈ സമയം പ്രതി പിന്നില്‍ നിന്നുമെത്തി എസ്‌ഐയെ കുത്തുകയായിരുന്നു. ഉടൻ തന്നെ എസ്‌ഐയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.




